യുവതിയുടെ മരണം ക്രൂരമായ പീഡനം മൂലം; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Nov 6, 2012, 11:47 IST
![]() |
ഖദീജത്ത് റിയാനയും മകള്‍ ആഇഷയും |
ദേലമ്പാടിയിലെ ഗള്‍ഫുകാരനായ അബ്ദുല്‍ സലാമിന്റെ ഭാര്യ സുള്ള്യ സ്വദേശിനി ഖദീജത്ത് റിയാനയുടെ (23) മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ടാണ് പിതാവ് യൂസഫ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ഉത്തരമേഖലാ ഐ.ജി. ക്കും നേരിട്ട് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ബലിപെരുന്നാള്‍ ദിവസം അര്‍ധരാത്രിയോടെയാണ് ഖദീജത്ത് റിയാനയെ ദേലംപാടിയിലെ ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
27ന് പുലര്‍ചെ നാല് മണിയോടെയാണ് സുള്ള്യയിലുള്ള പിതാവ് യൂസഫിനെ മകള്‍ മരിച്ചവിവരം അറിയിച്ചത്. പിതാവും മറ്റു ബന്ധുക്കളുമെത്തിയപ്പോള്‍ മൃതദേഹം തറയില്‍ കിടത്തിയ നിലയിലായിരുന്നു. ഭര്‍ത്താവിന്റെയും, ഭര്‍തൃമാതാവിന്റെയും, സഹോദരിയുടെയും, ബന്ധുവായ മറ്റൊരു സ്ത്രീയുടെയും പീഡനം സംബന്ധിച്ച് ഖദീജത്ത് റിയാന സ്വന്തം സഹോദരിമാരോടും മാതാവിനോടും പലതവണ പറഞ്ഞിരുന്നു. ഹൃദ്‌രോഗിയായ പിതാവ് യൂസഫിനോട് മകള്‍ക്ക് നേരിടേണ്ടിവന്ന പീഡനവിവരം അറിയിച്ചിരുന്നില്ല.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിനോടൊപ്പം ഉറങ്ങിയ ഖദീജത്ത് റിയാന കിടപ്പുമുറിയില്‍ കുട്ടിയുടെ തൊട്ടില്‍ കെട്ടിയ ആണിയില്‍ ഷാള്‍കെട്ടിയാണ് തൂങ്ങിമരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് പിതാവ് പറയുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഖദീജത്ത് റിയാനയും അബ്ദുല്‍ സലാമും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള ആഇശ എന്ന മകളുണ്ട്.
ബി.എഡ് ബിരുദധാരണിയായ ഖദീജത്ത് റിയാന എം.എ. ഇംഗ്ലീഷ് കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള റിയാന ഒരിക്കലും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കില്ലെന്നും ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി റിയാന മരിക്കില്ലെന്നും പിതാവ് യൂസഫ് പറയുന്നു. സൗദി ദമാമില്‍ നല്ല ജോലിയുള്ള ഭര്‍ത്താവ് അബ്ദുല്‍ സലാമിനും തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമായ റിയാനയ്ക്കും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പിതാവ് യൂസുഫ് വ്യക്തമാക്കി.
ഗള്‍ഫിലുള്ളപ്പോള്‍ അബ്ദുല്‍ സലാമിനെ ഇ-മെയില്‍ സന്ദേശത്തിലൂടെയും, ചാറ്റിംഗിലൂടെയും ഭര്‍തൃവീട്ടുകാരുടെ പീഡനം സംബന്ധിച്ച് റിയാന വിവരമറിയിച്ചിരുന്നു. യാഥാര്‍ത്ഥങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും റിയാനയോട് ക്രൂരമായ പെരുമാറ്റമായിരുന്നു അബ്ദുല്‍ സലാമിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും പിതാവ് കുറ്റപ്പെടുത്തി. മദ്യപിക്കുന്ന കാര്യംപോലും ഇമെയില്‍ സന്ദേശത്തില്‍ വിവരിച്ചിട്ടുണ്ട്. നേരത്തെ ആദൂര്‍ സി.ഐ. എ. സതീഷ് കുമാറായിരുന്നു അന്വേഷണം നടത്തിയത്. ഇപ്പോള്‍ കേസന്വേഷണം കാസര്‍കോട് എ.എസ്.പി. ടി.കെ. ഷിബു ഏറ്റെടുത്തിരിക്കുകയാണ്.
ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം അബ്ദുല്‍ സലാമിന്റെ മൂത്തസഹോദരന്റെ ഭാര്യ നസീമ ഏഴ് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യൂസഫ്-നഫീസ ദമ്പതികളുടെ മകളായ റിയാനയുടെ താഴെ വിവാഹപ്രായമെത്തിയ നാല് സഹോദരിമാരുണ്ട്. അതുകൊണ്ട് തന്നെ ക്രൂരപീഡനം സഹിച്ചും റിയാന ഭര്‍തൃവീട്ടില്‍ തന്നെ താമസം തുടരുകയായിരുന്നു.
Keywords: Khadeejath Riyana, Death, Case, Abdul Salam, Delampady, Father, Police, Enquiry, Complaint, Submit, Oommenchandy, IG, Kasaragod, Kerala, Malayalam news