Release | കഥകളുടെ സമാഹാരവുമായി പിതാവ്, കുറ്റാന്വേഷണ നോവലുമായി മകൻ; പുസ്‌തകങ്ങളുടെ പ്രകാശനം ഹൃദ്യമായി
എഴുത്തുകാരൻ സുറാബ് പ്രകാശന കർമം നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഏറ്റുവാങ്ങി.
കാസർകോട്: (KasargodVartha) ഡ്രൈവിംഗ് സ്‌കൂൾ ഉടമയും എഴുത്തുകാരനുമായ ഹുസൈൻ സിറ്റിസണിന്റെ 'ഈ ലോകം ഇവിടെ കുറെ മനുഷ്യർ' എന്ന കഥാസമാഹാരവും മകൻ അഹ്‌മദ് മൻഹലിന്റെ 'ഇൻഫിനിറ്റ് എൻഡ്' എന്ന കുറ്റാന്വേഷണ നോവലും ഒരേ വേദിയിൽ പ്രകാശനം ചെയ്‌തു. കാസർകോട് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരൻ സുറാബ് പ്രകാശന കർമം നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഏറ്റുവാങ്ങി.
കഥ എന്നത് ചിലരിൽ മാത്രം നിക്ഷിപ്തമായ സർഗാത്മകത ആണെന്നും വായന കൊണ്ടുമാത്രമേ അത് പരിപോഷിപ്പിക്കപ്പെടൂവെന്നും സുറാബ് പറഞ്ഞു. അമ്പതുകൾ പിന്നിട്ട ഹുസൈന്റെ ആദ്യ പുസ്തകം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ എന്ന സമാഹാരത്തിലെ നാല് കഥകളും അനുഭവ തീഷ്ണത കൊണ്ട് സമ്പന്നമാണെന്നും വിദ്യാർഥിയായ മകൻ അഹ്‌മദ് മൻഹലിന്റെ ആദ്യ രചന, കുറ്റാന്വേഷണ നോവൽ, ലോകം പശ്ചാത്തലമാക്കി ഇന്റർപോൾ നടത്തുന്ന പ്രവർത്തനം നല്ല കൈയൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹുസൈൻ സിറ്റിസൺ 20 വർഷം ദുബൈയിൽ പ്രവാസിയായിരുന്നു. അവിടെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയ കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുപത് വർഷത്തെ അവിടുത്തെ ജീവിതം, ഒരു വിൽപ്പനക്കാരനെന്ന നിലയിലുള്ള പരിചയങ്ങൾ, സാധാരണക്കാരുടെ ജീവിതം എന്നിവയെല്ലാം പുസ്തകത്തിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.
മകൻ അഹ്‌മദ് മൻഹൽ ഹുസൈൻ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ഇൻഫിനിറ്റ് എൻഡ് എന്ന നോവൽ സാഹസികതയുടെയും നിഗൂഢതയുടെയും സംയോജനമാണ്. ആഗോള സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളും സംഭവങ്ങളും വായനക്കാരെ ആകർഷിക്കും.
പിതാവിന്റെ വാക്കുകളിൽ നിന്നും ലഭിച്ച പ്രചോദനമാണ് മകനെ എഴുത്തുകാരനാക്കിയത്. ഹുസൈന്റെ സുന്ദരമായ കൈയക്ഷരവും, വായനാശീലവും അഹ്മദിന്റെ എഴുത്തുശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. ഇരുവരുടെയും ആദ്യ പുസ്തകമാണിത്.
പരിപാടിയിൽ എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ചെർക്കള പുസ്തകപരിചയം നടത്തി. അമീർ പള്ളിയാൻ സ്വാഗതവും നാസർ ചെർക്കളം നന്ദിയും പറഞ്ഞു. അശ്റഫലി ചേരങ്കൈ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം എ മുംതാസ്, വൈ കൃഷ്ണദാസ്, കെ എച്ച് മുഹമ്മദ്, അഡ്വ. ഫാത്തിമത്ത് മുസൈന ഹുസൈൻ, കെ വി രവീന്ദ്രൻ, രചന അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.