city-gold-ad-for-blogger

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; പാൽ വിൽപനയും മുടങ്ങി, മനോവിഷമത്തിലായിരുന്ന കർഷകൻ മരിച്ച നിലയിൽ

Portrait of Narayanan, the farmer who passed away.
Photo: Kumar Kasargod

● വിഷം അകത്ത് ചെന്ന നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്; വെള്ളിയാഴ്ച മരണം.
● ഡിസംബർ 31-നാണ് പശുവിന് പേപ്പട്ടിയുടെ കടിയേറ്റത്.
● നായ ചത്തതോടെ നാരായണന്റെ വീട്ടിലെ പാൽ വാങ്ങാൻ നാട്ടുകാർ മടിച്ചു.

ബോവിക്കാനം: (KasargodVartha) പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന കർഷകനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണനെ (82) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ നാരായണനെ വീട്ടുവളപ്പിലെ പറമ്പിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം അകത്ത് ചെന്നതായി സംശയിച്ചതിനെ തുടർന്ന് ഉടൻ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ 

കഴിഞ്ഞ ഡിസംബർ 31-നാണ് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചത്. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടിരിക്കെയായിരുന്നു ആക്രമണം. പശുവിനെ കടിച്ച നായ രണ്ട് ദിവസത്തിന് ശേഷം സമീപത്തെ മറ്റൊരു പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിൻ്റെ കൂടെ ഉണ്ടായിരുന്ന കുഞ്ഞും പിന്നാലെ ചത്തു. ഇതോടെ പശുവിന് കുത്തിവെപ്പ് എടുത്തിരുന്നെങ്കിലും ജനുവരി 18-ന് പശുവും ചത്തു.

നായ ചത്തതോടെ നാരായണന്റെ വീട്ടിലെ കറവയുള്ള മറ്റൊരു പശുവിൻ്റെ പാൽ നാട്ടുകാർ ആരും വാങ്ങാതെയായി. കടയിലടക്കം പാൽ നൽകിവന്നിരുന്നുവെന്ന് ബന്ധുവായ ദിനേശൻ പറഞ്ഞു. ഇതോടെയാണ് നാരായണൻ കടുത്ത മാനസിക വിഷമത്തിലായത്. പശുവിനെ ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം പരിചരിച്ചിരുന്നത്. അതിന്റെ മരണം അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

നാടിന്റെ നൊമ്പരം 

പ്രദേശത്ത് അറിയപ്പെടുന്ന കർഷകനായിരുന്നു നാരായണൻ. പശുവളർത്തലിന് പുറമെ നെല്ല്, കവുങ്ങ് കൃഷിയും നടത്തിയിരുന്നു. കാംപ്കോ ശാഖയിൽ തൊഴിലാളിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പദ്മാവതി. മക്കൾ: വിനോദ് (നിർമാണ തൊഴിലാളി), വിജു (ചുമട്ടു തൊഴിലാളി, കാംപ്കോ), ബിന്ദു. മരുമക്കൾ: ടി. സുചിത്ര (പാണൂർ), രജിത (നാരമ്പാടി), കൃഷ്ണൻ (ജാൽസൂർ). സഹോദരങ്ങൾ: കൊട്ടൻ, പരേതരായ രാമൻ, കാർത്യായനി (എല്ലാവരും പാണൂർ).

സംഭവത്തിൽ ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.

സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. 📞 ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 📞 ടെലിമാനസ്: 14416

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: A heartbroken farmer, Narayanan (82) from Bovikanam, committed death after his cow died of a rabid dog bite and locals stopped buying milk from his farm due to fear.

#Kasaragod #FarmerDeath #AnimalLove #Bovikanam #Muliyar #KeralaNews #Tragedy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia