Criticism | കേന്ദ്ര സർവകലാശാലയിൽ അധ്യാപകനെതിരെ പരാതിയുമായി വകുപ്പ് മേധാവിക്ക് പിന്നാലെ വിദ്യാർഥി സംഘടനകളും; ഗൈഡിൻ്റെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം

● ഗവേഷകരെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപണം.
● വനിതാ ഗവേഷകരാണ് ആദ്യം പരാതിയുമായി അധികൃതരെ സമീപിച്ചത്.
● ഏഴ് ഗവേഷകർ അധ്യാപകനിൽനിന്ന് ഗൈഡ്ഷിപ്പ് മാറ്റി.
പെരിയ: (KasargodVartha) കേന്ദ്ര സർവകലാശാലയിൽ അധ്യാപകനെതിരെ പരാതിയുമായി വകുപ്പ് മേധാവി രംഗത്ത് വന്നതിന് പിന്നാലെ വിദ്യാർഥി സംഘടനകളും അധ്യാപകനെ ഗൈഡിൻ്റെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു. ഗവേഷണ മേൽനോട്ടത്തിൽ നിന്ന് അധ്യാപകനെ മാറ്റണമെന്ന് വനിതാ ഗവേഷകരാണ് ആദ്യം പരാതിയുമായി അധികൃതരെ സമീപിച്ചത്. പിന്നാലെ അധ്യാപകനെതിരേ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് വകുപ്പ് മേധാവിയും പരാതി നൽകി.
ഇംഗ്ലീഷും താരതമ്യ സാഹിത്യവും വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർക്കെതിരെയാണ് എല്ലാ ഭാഗത്ത് നിന്നും ആക്ഷേപം ശക്തമായിരിക്കുന്നത്. വകുപ്പ് മേധാവി ഡോ. എസ് ആശയാണ് മാനസികപീഡനത്തിന് ആഭ്യന്തര പരിഹാര സമിതിക്ക് നേരത്തേ പരാതി നൽകിയത്. വകുപ്പ് മേധാവിയെന്ന നിലയിലും വനിതയെന്ന നിലയിലും എല്ലാം സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആശയുടെ പരാതിയിൽ പറയുന്നു. താൻ പ്രൊഫഷണൽ അല്ലെന്ന് കാണിച്ച് കൃത്രിമ തെളിവുകളുണ്ടാക്കി മേലധികാരികൾക്ക് അധ്യാപകൻ ഇ-മെയിൽ പരാതി അയച്ചതായി ആശ കുറ്റപ്പെടുത്തിയിരുന്നു.
പഠനവകുപ്പിന്റെ യോഗങ്ങളിൽ നിരന്തരം അധിക്ഷേപിക്കുകയും സ്ത്രീ എന്ന നിലയിൽ ആത്മാഭിമാനം വ്രണപ്പെടുന്ന വാക്കുകളാണ് യോഗങ്ങളിൽ ഉപയോഗിച്ചതെന്നുമാണ് ഇവരുടെ ആക്ഷേപം. അധ്യാപകനുള്ള യോഗങ്ങളിൽ ഇരിക്കുമ്പോൾ അസ്വസ്ഥതയും വിറയലും അനുഭവപ്പെടുന്നുവെന്നും ഓഫീസ് അസിസ്റ്റന്റുമാരെ ഉപയോഗിച്ച് ഡിപാർട്ട്‌മെന്റിലെ ഒദ്യോഗിക വിവരങ്ങൾ ചോർത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പറയുന്നു.
മുമ്പ് പല പ്രശ്നങ്ങളുണ്ടായപ്പോഴും പരാതിപ്പെട്ടിട്ടില്ലെന്നും കൂടുതൽ ഗവേഷകർകൂടി ഗൈഡിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതായും വിദ്യാർഥികളുടെ ഭാവിയും വകുപ്പിന്റെ സുഖകരമായ നടത്തിപ്പിനെയും ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് പരാതിയിൽ നൽകേണ്ടിവന്നതെന്നുമാണ് ആശ വ്യക്തമാക്കിയത്.
ഏഴ് ഗവേഷകർ അധ്യാപകനിൽനിന്ന് ഗൈഡ്ഷിപ്പ് മാറ്റിയതായാണ് വിവരം. ഇതിൽ ആറുപേരും വനിതകളാണ്. അധ്യാപകനിൽനിന്ന് അവഹേളനപരമായ പെരുമാറ്റമുണ്ടായതായുള്ള ഗവേഷകരുടെ പരാതി ഡിപ്പാർട്ട്‌മെന്റ് റിസർച്ച് കമ്മിറ്റിയുടെ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആശയുടെ പരാതിയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് എസ്എഫ്ഐയും എൻ എസ് യുവും അധ്യാപകനെ ഗൈഡ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ക്യാമ്പസിൽ സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കാൻ അധ്യാപകനെ ഗൈഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുസംഘടനകളും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
A professor at Central University is facing mounting complaints from faculty members and student organizations, who are demanding his removal from his role as a research guide. Allegations include mental harassment and unprofessional conduct.
#CentralUniversity, #ProfessorComplaints, #StudentProtests, #AcademicIntegrity, #HigherEducation, #India