Concern | പരീക്ഷകൾ വിളിപ്പാടകലെ; വിദ്യാർഥികൾ സിനിമാ തിയേറ്ററുകളിലും മാളുകളിലും പരിപാടികളിലും മറ്റും സമയം പാഴാക്കുന്നു

● പരീക്ഷകൾ അടുത്തുവരുമ്പോഴും വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുന്നില്ല.
● രക്ഷിതാക്കളുടെ അവഗണനയും പ്രധാന പ്രശ്നമാണ്
● അധ്യാപകരും പിടിഎയും ആശങ്കയിൽ.
കുമ്പള: (KasargodVartha) എസ്എസ്എൽസി-പ്ലസ് ടു-വിഎച്ച്എസ്ഇ പരീക്ഷകൾ അടുത്തെത്തി നിൽക്കെ പഠനത്തിൽ തീരെ താൽപര്യമില്ലെന്ന മട്ടിൽ ഒരു കൂട്ടം വിദ്യാർഥികൾ സിനിമാ തിയേറ്ററുകളിലും, മാളുകളിലും, പരിപാടികളിലും മറ്റും സമയം പാഴാക്കുന്നതായി അധ്യാപകർ വെളിപ്പെടുത്തുന്നു. സ്കൂൾ അധികൃതർ ഓരോ വർഷവും സ്കൂളുകളിൽ വിജയ ശതമാനം കൂട്ടുന്നതിനായി നെട്ടോട്ടത്തിലാണ്. എന്നാൽ വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് അനുകൂല സാഹചര്യം ഉണ്ടാകുന്നില്ലെന്ന് അധ്യാപകർ പറയുന്നു. പഠിച്ചിട്ട് എന്ത് കാര്യം എന്നതുപോലെയാണ് പെരുമാറ്റമെന്നാണ് ആക്ഷേപം.
മുമ്പ് ആൺകുട്ടികൾ മാത്രമാണ് ക്ലാസിൽ നിന്ന് മുങ്ങിനടന്നിരുന്നതെങ്കിൽ ഇപ്പോൾ ചില പെൺകുട്ടികളും ആ രീതിയിലേക്ക് മാറിയിട്ടുള്ളതായി അധ്യാപകർ അടക്കം പറയുന്നു. മഴ മാറി വേനൽ വന്നതോടെ കല്യാണം, വിരുന്ന്, ഉത്സവങ്ങൾ, ഉറൂസുകൾ അങ്ങനെ തുടങ്ങി പല പരിപാടികളും വ്യാപകമായി നടക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് പല വിദ്യാർഥികളും അവധിയെടുക്കുന്നത്. പല പരിപാടികളും രാത്രി വരെ നീളുന്നതിനാൽ രാത്രി വളരെ വൈകിയാണ് വിദ്യാർഥികൾ വീട്ടിലെത്തുന്നത്. അതിനാൽ രാവിലെ എഴുന്നേൽക്കാൻ മടി കാരണം പല വിദ്യാർഥികളും ക്ലാസിൽ പോകാതെ അവധിയെടുക്കുന്നു.
കൂടാതെ മയക്കുമരുന്നിനടക്കം വിദ്യാർഥികൾ അടിമകളാകുന്നതും പാതിരാവോളം കറങ്ങിനടക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ചിലയിടങ്ങളിൽ കല്യാണത്തിന്റെ പേരിൽ രാത്രിവരെ ഡാൻസും മറ്റും അരങ്ങേറുന്നു. ഇതും വിദ്യാർഥികളെ പഠനത്തെയും ക്ലാസിൽ വരാതിരിക്കാനും കാരണമാകുന്നു. സമയത്ത് ക്ലാസിൽ വരാത്ത കുട്ടികളെ ക്ലാസിന് പുറത്ത് നിർത്താതെ വീടുകളിലേക്ക് പറഞ്ഞയക്കുകയാണ് ഇപ്പോഴത്തെ രീതി. ക്ലാസിന് പുറത്ത് നിർത്തിയാൽ അത് പഠനത്തിൽ താൽപര്യമുള്ള കുട്ടികളെ കൂടി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നുണ്ട്.
പിടിഎ - എസ്എംസി കമ്മിറ്റികൾക്കും ഇതേ നിലപാടാണ് ഉള്ളത്. വീടുകളിലേക്ക് വിദ്യാർഥികളെ പറഞ്ഞയക്കുന്ന വിവരം രക്ഷിതാക്കളെ അപ്പോൾ തന്നെ അധ്യാപകർ വിളിച്ചറിയിക്കുന്നുമുണ്ട്. ഇത്തരം കുട്ടികളാണ് സിനിമാ തീയേറ്ററുകളിലും മാളുകളിലും സമയം കളയുന്നത്. രക്ഷിതാക്കൾ ആകട്ടെ ഇതൊന്നും കണ്ട ഭാവവുമില്ലെന്നാണ് വിമർശനം.
അതിനിടെ നിരന്തരമായി സ്കൂളിൽ ഹാജരാകാത്ത കുട്ടികളോട് കാരണം ബോധിപ്പിക്കാതെ ക്ലാസിൽ കയറേണ്ടതില്ലെന്ന കടുത്ത നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിക്കുന്നത്. പല കുട്ടികളും കാരണം പറയുന്നത് അസുഖം മൂലം എന്നാണ്. എങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് അധ്യാപകർ പറയുന്നത്. കാരണം ബോധിപ്പിക്കാൻ രക്ഷിതാക്കളും സ്കൂളിൽ എത്തുന്നുമില്ല.
സ്കൂളിൽനിന്ന് ഇത്തരത്തിൽ അഞ്ചു മുതൽ 10 ദിവസം വരെ അവധിയിൽ പോകുന്ന കുട്ടികളുണ്ട്. ഇവർ എവിടെ പോകുന്നുവെന്ന് അന്വേഷിക്കാൻ പോലും ചില രക്ഷിതാക്കൾ തയ്യാറാവുന്നില്ല. എവിടെ നിന്നെങ്കിലും ഡോക്ടർമാരെ സ്വാധീനിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യാർത്ഥികൾ ഇപ്പോൾ ക്ലാസിൽ കയറുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ പരീക്ഷാ ഫലത്തിൽ വലിയ ആശങ്കയാണ് പല അധ്യാപകർക്കും, പിടിഎ കമ്മിറ്റികൾക്കും ഉള്ളത്.
ഇത്തരം പ്രവണതകൾക്കെതിരെ രക്ഷിതാക്കളും സമൂഹവും ഒരുപോലെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ കൂട്ടുകെട്ടുകൾ ശ്രദ്ധിക്കുകയും അവർ സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് നിരീക്ഷിക്കുകയും വേണമെന്ന് വിദഗ്ധർ ഉണർത്തുന്നു. കുട്ടികൾക്ക് നല്ല മാതൃകകൾ നൽകുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
With exams approaching, some students are spending time in theaters and malls instead of studying. Teachers and PTA are concerned about the lack of student engagement and parental involvement, which could affect exam results.
#Education #Exams #Students #Parenting #Kerala #Worries