Literary Event | പരിസ്ഥിതി സാഹിത്യം: മറവികൾക്കെതിരെ ഓർമ്മകളുടെ പ്രതിരോധം
● പരിസ്ഥിതി സാഹിത്യങ്ങൾ ഭാവിയിലെ പ്രതിസന്ധികളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നു.
● സ്മിത ഭരത് വരച്ച പേന ചിത്രങ്ങൾ അംബികാസുതൻ മാങ്ങാടിനും മാധവൻ പുറച്ചേരിക്കും സമ്മാനിച്ചു.
കരിവെള്ളൂർ: (KasargodVartha) പരിസ്ഥിതി സാഹിത്യം മറവികൾക്കെതിരെ ഓർമ്മകളുടെ പ്രതിരോധം തീർക്കുന്നുവെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ നടന്ന സാഹിത്യ സംഗമത്തിൽ തന്റെ പുതിയ നോവൽ 'അല്ലോഹലൻ' അവതരിപ്പിക്കവെയായിരുന്നു ഈ പ്രസ്താവന.
മനുഷ്യൻ മാത്രം ബാക്കിയാവുന്ന വികസനമല്ല നമുക്കു വേണ്ടത്. 'അരിഞ്ഞ് കുടിക്കല്ലേ...... കറന്ന് കുടിക്ക്' എന്ന വയനാട്ട് കുലവൻ തെയ്യത്തിൻ്റെ ഉരിയാട്ടത്തിലെ സന്ദേശം, മാർക്സും ഗാന്ധിജിയും സിയാറ്റിൽ മൂപ്പനും പറഞ്ഞതു തന്നെയാണ്. പരിസ്ഥിതി സാഹിത്യങ്ങൾ ഭാവിയിലെ പ്രതിസന്ധികളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നു. 'പ്രാണ വായു'വും 'ചിന്ന മുണ്ടി'യും എഴുതി അധിക കാലം വേണ്ടി വന്നില്ല, ഇന്ന് നമ്മൾ ഓക്സിജനും വെള്ളത്തിനും വേണ്ടി ബുക്ക് ചെയ്ത് കാത്തു നിൽക്കുന്ന അവസ്ഥയിലാണ്, അദ്ദേഹം പറഞ്ഞു,
കവി മാധവൻ പുറച്ചേരി 'അല്ലോഹലൻ' നോവലിനെ പരിചയപ്പെടുത്തുകയും, എഴുത്തുകാരൻ ചരിത്രത്തെ കാമുകൻ കാമുകിയോട് സംസാരിക്കുന്നതുപോലെ വ്യാഖ്യാനിക്കുന്നതായി പറയുകയും ചെയ്തു. സ്മിത ഭരത് വരച്ച പേന ചിത്രങ്ങൾ അംബികാസുതൻ മാങ്ങാടിനും മാധവൻ പുറച്ചേരിക്കും സമ്മാനിച്ചു.
ഈ സാഹിത്യ സംഗമത്തിൽ, പ്രമുഖ നോവലിസ്റ്റും സാഹിത്യ മേഖലയിലും പ്രകൃതി സംരക്ഷണ പ്രവർത്തനത്തിലും സജീവ സാന്നിധ്യമായ അംബികാസുതൻ മാങ്ങാടിനും പ്രമുഖ കവി മാധവൻ പുറച്ചേരിക്കും കുക്കാനം റഹ് മാൻ മാസ്റ്റർ നാടിൻ്റെ ആദരവ് സൂചകമായി തങ്കയം സ്മിത ഭരത് വരച്ച മനോഹര പെയിൻ്റിംഗ് കൈമാറി.
നോവലിനെ കുറിച്ചുള്ള പഠനം അവതരിപ്പിച്ചത് മാധവൻ പുറച്ചേരിയാണ്. കെ. സുബൈർ അധ്യക്ഷത വഹിച്ചു. കൊടക്കാട് നാരായണൻ മാസ്റ്റർ' ചർച്ചക്ക് നേതൃത്വം നൽകി.
#EnvironmentalLiterature #AmbikasuthanMangad #Allohalan #NaturePreservation #LiteraryEvent #KeralaCulture