Road Construction | പരിസ്ഥിതി സൗഹൃദം; കാസർകോട്ടെ 8 റോഡുകൾ ജർമൻ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്നു
● ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത റോഡിന്റെ അറ്റകുറ്റപ്പണികൾ കുറവായിരിക്കും എന്നതാണ്.
● ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡാണ് 3.5 കോടി രൂപ ചിലവിൽ ആദ്യമായി നവീകരിക്കുന്നത്.
● ഏഴ് ദിവസം തുടർച്ചയായി ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് ടാർ ഉപയോഗിക്കും.
കാസർകോട്: (KasargodVartha) ജില്ലയിലെ റോഡ് ഗതാഗതത്തിന് പുതിയൊരു മുഖം നൽകി ജർമൻ സാങ്കേതികവിദ്യയുടെ സ്പർശം. ജില്ലയിലെ എട്ട് പ്രധാന റോഡുകളാണ് ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ് ഡി ആർ) എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്നത്. പരിസ്ഥിതി സൗഹൃദ നിർമാണ രീതിക്ക് പ്രാധാന്യം നൽകുന്ന ഈ പദ്ധതി, റോഡ് നിർമാണ രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കുകയാണ്.
എഫ് ഡി ആർ എന്ന സാങ്കേതിക വിദ്യ, നിലവിലുള്ള റോഡിന്റെ ഉപരിതലം ഇളക്കി മാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡ് പുനർനിർമിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ നിർമാണ രീതിയാണ്. നിർമാണ വസ്തുക്കളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിലൂടെ പ്രകൃതി ചൂഷണം വലിയ അളവിൽ കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇളക്കി മാറ്റുന്ന ഉപരിതലത്തിൽ സിമൻ്റ്, സ്റ്റെബിലൈസർ തുടങ്ങിയവ ചേർത്ത് പുനരുപയോഗിക്കുകയും അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുകയും ചെയ്യുന്നതിലൂടെ പുതിയ റോഡ് നിർമാണം പൂർത്തിയാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത റോഡിന്റെ അറ്റകുറ്റപ്പണികൾ കുറവായിരിക്കും എന്നതാണ്.
കാസർകോട് ജില്ലയിൽ, ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡ്, ചെറുവത്തൂർ-വലിയപൊയിൽ റോഡ്, മണിയംപാറ-ദേറഡുക്ക ഷിറിയ -കൂടഡുക്ക റോഡ്, മിയപദവ്-ദൈഗോളി-പൊയ്യത്ത് വയൽ-നന്ദാരപദവ് റോഡ്, അത്യക്കുഴി-നെല്ലിക്കട്ട-പുട്ടിപ്പള്ളം-എടനീർ റോഡ്, മുനമ്പ് -കല്ലളി-പെർളടുക്കം-ആയക്കടവ് റോഡ്, പൈക്ക-നീരോളിപ്പാറ റോഡ്, കാരാക്കോട്-പറക്കളായി റോഡ് എന്നിവയാണ് ജർമൻ സാങ്കേതികവിദ്യയിൽ നവീകരിക്കുന്ന റോഡുകൾ.
ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡാണ് 3.5 കോടി രൂപ ചിലവിൽ ആദ്യമായി നവീകരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി നാല് കിലോമീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമാണ് റോഡ് നവീകരിക്കുന്നത്. നിലവിലുള്ള റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പും കല്ലും കാത്സ്യം ക്ലോറൈഡും മറ്റ് രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കുന്ന ജർമൻ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.
എഫ്ഡിആർ സാങ്കേതികവിദ്യ പ്രകാരം 30 സെന്റിമീറ്റർ വരെ ആഴത്തിൽ കുഴിച്ച് 5.5 സെന്റിമീറ്റർ വീതിയിൽ സിമന്റ്, രാസ സംയുക്തങ്ങൾ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തു ബലപ്പെടുത്തിയാണ് റോഡിന്റെ ഉപരിതലം നിർമിക്കുന്നത്. ഇതോടെ റോഡിന്റെ ഉപരിതലം കോൺക്രീറ്റ് പ്രതലം പോലെയാകും. ഏഴ് ദിവസം തുടർച്ചയായി ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് ടാർ ഉപയോഗിക്കും.
സാധാരണ നിലയിൽ നാല് കിലോമീറ്റർ റോഡ് നവീകരിക്കാൻ 6600 ഘനമീറ്റർ ക്വാറി ഉത്പന്നങ്ങൾ വേണ്ടി വരും. എന്നാൽ ഈ സാങ്കേതികവിദ്യ പ്രകാരം ഒരു ലോഡ് പോലും ഇല്ലാതെയാണ് നവീകരണം സാധ്യമാകുന്നത് എന്ന് അധികൃതർ വ്യക്തമാക്കുന്നു. പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാന സർക്കാരും 60 ശതമാനം കേന്ദ്ര സർകാരുമാണ് വഹിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ഇടപെടലാണ് റോഡ് നവീകരണത്തിന് കേന്ദ്ര പദ്ധതി ലഭ്യമാക്കാൻ സഹായിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാല് മാസത്തിനകം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കും.
#KasaragodNews, #GermanTechnology, #RoadConstruction, #EcoFriendlyRoads, #Infrastructure, #EnvironmentalSustainability