Security | ബേക്കൽ ബീച്ച് കാർണിവൽ: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം; കലക്ടർ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു
● ബേക്കൽ ബീച്ച് കാർണിവൽ ഡിസംബർ 23 മുതൽ 31 വരെ നടക്കും.
● കലക്ടർ ദുരന്ത നിവാരണ നിയമം പ്രകാരം പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.
● റെയിൽ ട്രാക്കിലൂടെയുള്ള ജനങ്ങളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) പള്ളിക്കര ബീച്ച് പരിസരത്ത് ഡിസംബർ 23 മുതൽ 31 വരെ നടക്കാനിരിക്കുന്ന ബേക്കൽ ബീച്ച് കാർണിവലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളുമായി ജില്ലാ ഭരണകൂടം. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും അമ്യൂസ്‌മെന്റ് പാർക്ക്, അഡ്വഞ്ചർ സ്പോർട്സ് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ കലക്ടർ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു. കാർണിവലിന്റെ മൊത്തത്തിലുള്ള സുരക്ഷാ ചുമതല ബിആർഡിസിക്ക് ആണ്.
പൊലീസ് വകുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങൾ:
റെയിൽ ട്രാക്കിലൂടെയുള്ള ജനങ്ങളുടെ സഞ്ചാരം കർശനമായി നിരോധിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തും. എൻഡിഎംഎ മാനദണ്ഡങ്ങൾക്കനുസൃതമായി ക്രൗഡ് മാനേജ്മെൻറ് സംവിധാനം നടപ്പിലാക്കും. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
സ്ഥലത്തിന്റെ ഉൾക്കൊള്ളൽ ശേഷി (ക്യാരിയിംഗ് കപ്പാസിറ്റി) പരിശോധിച്ച് അതിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. ടിക്കറ്റ് വിതരണവും ഈ ശേഷിക്കനുസരിച്ച് മാത്രമായിരിക്കും. കാർണിവൽ പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും അപമര്യാദയായ പെരുമാറ്റവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
തീരദേശ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ:
കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവരുമായി സഹകരിച്ച് തീരദേശ സുരക്ഷ ഉറപ്പാക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ജില്ലാ കലക്ടറെ അറിയിക്കണം. കടലിൽ സാഹസിക വിനോദങ്ങൾക്ക് ഉപയോഗിക്കുന്ന യാനങ്ങൾ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നും ഉറപ്പാക്കും.
ആരോഗ്യ വകുപ്പിന്റെ ക്രമീകരണങ്ങൾ:
പള്ളിക്കര പി.എച്ച്.സി. മുഴുവൻ സമയവും പ്രവർത്തിക്കും. ഫിസിഷ്യന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ കൺട്രോൾ റൂമിൽ സജ്ജമാക്കും. ആംബുലൻസ് സൗകര്യവും ലഭ്യമാക്കും. ഹെൽത്ത് ഇൻസ്പെക്ടർമാർ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുകയും ഭക്ഷ്യ വിഷബാധ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഫയർ & റെസ്ക്യൂ വകുപ്പിന്റെ ക്രമീകരണങ്ങൾ:
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളുള്ള ഫയർ എഞ്ചിനുകൾ കാർണിവൽ പരിസരത്ത് സജ്ജമാക്കി നിർത്തും. എല്ലാ ഫുഡ് സ്റ്റാളുകളിലും മറ്റ് സ്റ്റാളുകളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
ശുചിത്വ മിഷന്റെ ക്രമീകരണങ്ങൾ:
ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കാർണിവൽ നടത്തുക. വേദിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത കർമ്മ സേനയുടെ സേവനം ലഭ്യമാക്കും. ദിവസവും ഉണ്ടാകുന്ന മാലിന്യം രാത്രി രണ്ട് മണിക്കുള്ളിൽ പൂർണമായും നീക്കം ചെയ്യും. ജൈവ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും തരംതിരിച്ച് സംസ്കരിക്കും. പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും. പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും ഒഴിവാക്കും. അനുയോജ്യമായ അകലത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.
മറ്റ് വകുപ്പുകളുടെ ക്രമീകരണങ്ങൾ:
കെ.എസ്.ഇ.ബി വൈദ്യുതി ലഭ്യത ഉറപ്പാക്കുകയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യും. ഡി.ഡി. ഫിഷറീസ് കടലുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുടെ സുരക്ഷക്കായി റെസ്ക്യൂ ബോട്ട് ലഭ്യമാക്കും. പി.ഡബ്ല്യു.ഡി എല്ലാ താൽക്കാലിക നിർമ്മാണങ്ങളുടെയും സുരക്ഷയും വൈദ്യുത സംവിധാനങ്ങളുടെ സുരക്ഷയും പരിശോധിച്ച് സാക്ഷ്യപത്രം നൽകും. ഫുഡ് & സേഫ്റ്റി വകുപ്പ് ഭക്ഷണ സ്റ്റാളുകളുടെ ലൈസൻസും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും.
ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിനോദത്തിനും യാത്രയ്ക്കും ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ലീഗൽ മെട്രോളജി അളവ് തൂക്ക് പരിശോധന നടത്തും. കെ.എസ്.ആർ.ടി.സി പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കും. കേരള വാട്ടർ അതോറിറ്റി കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. തഹസിൽദാർ കൺട്രോൾ റൂമിന്റെ ചുമതല വഹിക്കുകയും എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. പഞ്ചായത്ത് അമ്യൂസ്‌മെന്റ് പാർക്കുകളുടെയും അഡ്വഞ്ചർ സ്പോർട്സിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.
എക്സൈസ് വകുപ്പ് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയും. ബി.ആർ.ഡി.സി എൻട്രി, എക്സിറ്റ് പോയിന്റുകൾ അടയാളപ്പെടുത്തിയ ലൊക്കേഷൻ മാപ്പ് സമർപ്പിക്കുകയും ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്യും. കൂടാതെ കൺട്രോൾ റൂം ആരംഭിക്കുകയും എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുകയും ചെയ്യും. പൊതു അറിയിപ്പ് സംവിധാനം, നിരീക്ഷണ സംവിധാനം, വാക്കി ടാക്കി സെറ്റുകൾ, ഇൻഷുറൻസ് പരിരക്ഷ, ലൈഫ് ഗാർഡുകളുടെ സേവനം എന്നിവയും ഉറപ്പാക്കും.
#BekalBeachCarnival #Kasaragod #Kerala #India #safetyfirst #tourism #festival #beachlife