Fines | 'അതിഥി തൊഴിലാളികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് തൊട്ടടുത്ത പറമ്പിലേക്കും പരിസരത്തേക്കും'; കെട്ടിട ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ്

● ചെറുവത്തൂർ പഞ്ചായത്തിലാണ് പരിശോധന നടന്നത്.
● അതിഥി തൊഴിലാളികളുടെ ക്വാർട്ടേഴ്സ് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി.
● എക്സിബിഷൻ സംഘാടകർക്കും ഹോട്ടലിനും പിഴ ചുമത്തിയിട്ടുണ്ട്.
● മാലിന്യം നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകി.
കാസർകോട്: (KasargodVartha) ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് കെട്ടിട ഉടമയ്ക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
മടക്കരയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ വ്യാപകമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തൊട്ടടുത്ത പറമ്പിലേക്കും പരിസരത്തേക്കും വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെട്ടിട ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. കൂടാതെ, എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുവാനും അധികൃതർ നിർദേശം നൽകി.
മടക്കര കുഴിഞ്ഞാടിയിൽ നടന്നുകൊണ്ടിരിക്കുന്ന എക്സിബിഷനിൽ നിന്നുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സംഘാടകർക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കടാങ്കോട്ടെ ഒരു ഹോട്ടലിലെയും സമീപത്തെ ഒരു വീട്ടിലെയും മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ തത്സമയ പിഴ ഈടാക്കി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ ടി കെ അഭിജിത്ത് കുമാർ, സ്ക്വാഡ് അംഗം ഫാസിൽ ഇ കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
#Kasaragod #Littering #Fines #Enforcement #Cleanliness #PublicHealth