city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ബാധിതയായ കീര്‍ത്തനയ്ക്ക് തലചായ്ക്കാന്‍ ഇനി കോടതി കനിയണം

എന്മകജെ: (www.kasargodvartha.com 18.11.2014) ഏക സ്വത്തായിരുന്ന വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ കിടക്കാനിടമില്ലാതെ കോടതിയുടെ കനിവും കാത്ത് കഴിയുകയാണ് 20 വയസുകാരിയായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത എണ്‍മകജ ബദിരംപള്ളത്തെ കീര്‍ത്തന. കീര്‍ത്തനയുടെ ചികിത്സയ്ക്കായി എടുത്ത ലോണ്‍ അടക്കാന്‍ കഴിയാതെ കടത്തിലായ സുബണ്ണയും കുടുംബവും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്.

പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കീര്‍ത്തനയുടെ കുടുംബത്തിന്റെ  വീടും സ്ഥലവും ബാങ്ക് ഏറ്റെടുത്തു. നടപടിയെ തുടര്‍ന്ന് കുടുംബം 12 ദിവസത്തിനകം വീടൊഴിയണം. കീര്‍ത്തനയുടെ മുത്തച്ഛന്‍ സുബണ്ണയും കുടുംബത്തിനും തല ചായ്ക്കാന്‍ ഇനി ഹൈക്കോടതിയാണ് അഭയം.

എട്ടുവര്‍ഷം മുമ്പാണ് കീര്‍ത്തനയുടെ മുത്തച്ഛന്‍ ചികിത്സാ ആവശ്യത്തിനും കാര്‍ഷിക ആവശ്യത്തിനും 75,000 രൂപ പെര്‍ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. കാര്‍ഷിക വൃത്തികൊണ്ട് കഴിഞ്ഞു കൂടുകയായിരുന്നു ഒമ്പതംഗ കുടുംബം. മഹാളി രോഗം കവുങ്ങുകളെ ബാധിച്ചതോടെ കടത്തിന് മേല്‍ കടം കയറി നിത്യവൃത്തിക്കു തന്നെ കഴിയാതെയായി. ചികിത്സ നടത്താനായി നാലുലക്ഷത്തിലേറെ പണം ചിലവായി.

അതിനിടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കുന്ന 1.5 ലക്ഷം ധന സഹായം ലഭിച്ചതോടെ തെല്ലൊന്ന് ആശ്വാസമായെങ്കിലും ബാങ്കിന്റെ മുറവിളി കാരണം കുറച്ച് തുക കടമടച്ചു. എന്നിട്ടും 68,000 രൂപ പലിശക്കുമേല്‍ പലിശയായി കിടന്നു.

സര്‍ക്കാര്‍ സെപ്തംബര്‍ 30 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് കഴിഞ്ഞതോടെ ഒക്ടോബറിലാണ് ബാങ്ക് സുബണ്ണയ്ക്ക് നോട്ടീസയച്ചത്. തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും പരിഹാരമായില്ല. 60 ദിവസത്തിനകം വീടൊഴിയാനാണ് ആര്‍ബിറ്റേറ്ററിന്റെ പുതിയ ഉത്തരവ്. തുടര്‍ന്ന് സുബണ്ണന്റെ വീടും സ്ഥലവും ലേലത്തിന് വക്കാന്‍ വിധിയായി.

മറ്റാരും ലേലത്തിനെത്താത്തതിനാല്‍ ബാങ്ക് തന്നെ വീടും സ്ഥവും ഏറ്റെടുത്തു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബം എന്ന നിലയില്‍ കാലാവധി നല്‍കാനാവില്ലെന്നാണ് ബാങ്ക് അധികൃതരുടെ വാദം. ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച കീര്‍ത്തന ബഡ്‌സ് സ്‌കൂളിലാണ് പഠനം നടത്തുന്നത്. എന്താവശ്യത്തിനും പരസഹായം ആവശ്യമുള്ള കീര്‍ത്തന അമ്മ ഗായത്രിയോടൊപ്പം സുബണ്ണന്റെ കൂടെയാണ് താമസം. ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഒപ്പമുണ്ട്. വീടും സ്ഥലവും തിരിച്ചു കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ കുടുംബം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍ഡോസള്‍ഫാന്‍ ബാധിതയായ കീര്‍ത്തനയ്ക്ക് തലചായ്ക്കാന്‍ ഇനി കോടതി കനിയണം

Keywords : Kasaragod, Enmakaje, Endosulfan, Endosulfan-victim, Family, Bank, Bank Loans, Kerala, Endosulfan victims House attached by bank. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia