Protest | എൻഡോസൾഫാൻ ദുരിതബാധിതരുടെ പോരാട്ടം വീണ്ടും; 27ന് കലക്ടറേറ്റ് മാർച്ച്

● '1031 പേരെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കി'
● 'സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ ഇരകൾ ദുരിതത്തിലായി'
കാസർകോട്: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1905 ദുരിതബാധിതരിൽ നിന്ന് 1031 പേരെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കിയതിനെതിരെയാണ് സമരം.
ഇവരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു . ചികിത്സ കിട്ടാതെ പലർ മരിക്കുകയും ചെയ്തു. നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
നാലു മാസത്തിലധികം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല സമരം നടത്തിയ ഘട്ടത്തിലാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇതിനെ തുടർന്ന് സമരം പിൻവലിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും ആരംഭിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കവി പ്രൊഫ. വീരാൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രമീളചന്ദ്രൻ, കെ ബിന്ദു, പി ഷൈനി, ബി പ്രസന്ന എന്നിവർ പങ്കെടുത്തു.
Endosulfan victims are protesting again, demanding justice. They are holding a collectorate march on February 27th against the exclusion of 1031 people from the 2017 medical camp list, despite the CM's promise in the assembly.
#EndosulfanVictims, #JusticeForEndosulfan, #Kerala, #Protest, #CollectorateMarch, #HumanRights