Auction | എൻഡോസൾഫാൻ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിൽ വെച്ചു; നടപടിക്കെതിരെ വൻ പ്രതിഷേധം

● രണ്ടര ലക്ഷം രൂപ പെട്ടന്ന് തിരിച്ചടച്ചാൽ ജപ്തി നടപടി ഒഴിവാക്കാമെന്ന് ബാങ്ക് അധികൃതർ.
● ഡ്രൈവറായ പ്രസാദ് - ബീന ദമ്പതികളുടെ മകളാണ് തീർത്ഥ.
● തങ്ങളുടെ വീടും സ്ഥലവും ജപ്തിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
● പലർക്കുമായി നൽകാനുള്ള രണ്ട് ലക്ഷത്തോളം രൂപയുടെ കടം ഇനിയും വീട്ടാനുണ്ട്.
● സ്ഥലം വിൽപനക്കെന്ന് കാണിച്ച് ബാങ്ക് അധികൃതർ ഇവർ താമസിക്കുന്ന വീടിന് മുന്നിൽ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
കാസർകോട്: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിൽ വെച്ചു. നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. മീഞ്ച പഞ്ചായതിലെ ബാളിയാറിലെ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീടാണ് കേരള ഗ്രമീൺ ബാങ്കിൻ്റെ മിയാപദവ് ശാഖ അധികൃതർ ലേലത്തിൽ വെച്ചിരിക്കുന്നത്.
ഡ്രൈവറായ പ്രസാദ് - ബീന ദമ്പതികളുടെ മകളാണ് തീർത്ഥ. ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുകയാണ് തീർത്ഥ. ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള തീർത്ഥയെയും കൊണ്ട് റോഡിലിറങ്ങേണ്ടി വന്നാൽ ആത്മഹത്യയല്ലാതെ വേറെ വഴിയിയൊന്നും മുന്നിലില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
മകളുടെ ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങളാണ് ചിലവഴിച്ചത്. കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റു പെറുക്കിയുമാണ് ചികിത്സകളെല്ലാം നടത്തിവന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ സർകാർ സഹായം ഇവർക്ക് ലഭിച്ചിരുന്നുവെങ്കിലും കടം വീട്ടാൻ പോലും ഇത് തികഞ്ഞില്ലെന്ന് തീർത്ഥയുടെ മാതാവ് ബീന കാസർകോട് വാർത്തയോട് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ കിട്ടുന്നത് ആശ്വാസമാണ്.
2014 ലാണ് മകളുടെ ചികിത്സയ്ക്കും കോൺക്രീറ്റ് ചെയ്തു മാത്രം വെച്ചിരുന്ന വീടിൻ്റെ തേപ്പ് പണിക്കും മറ്റുമായി രണ്ടര ലക്ഷം രൂപയാണ് വീടിൻ്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി വാങ്ങിയത്. ഇതിൽ ഒന്നര ലക്ഷത്തോളം രൂപ മാത്രമേ തിരിച്ചടക്കാനായുള്ളു. പിന്നീട് ഏതാനും വർഷമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി രംഗത്ത് വന്നത്. കടം ഇപ്പോൾ മുതലും പലിശയുമായി അഞ്ച് ലക്ഷത്തോളം രൂപയായിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ വീട്ടുകാരെ അറിയിച്ചിട്ടുള്ളത്.
രണ്ടര ലക്ഷം രൂപ പെട്ടന്ന് തിരിച്ചടച്ചാൽ ജപ്തി നടപടി ഒഴിവാക്കാമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുള്ളത്. തങ്ങളുടെ വീടും സ്ഥലവും ജപ്തിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് തീർത്ഥയുടെ രക്ഷിതാക്കൾ പറയുന്നു. പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോൾ ബാങ്കിൻ്റെ കാര്യം ആയത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കൈമലർത്തുകയായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നു.
പലർക്കുമായി നൽകാനുള്ള രണ്ട് ലക്ഷത്തോളം രൂപയുടെ കടം ഇനിയും വീട്ടാനുണ്ടെന്ന് ബീന പറഞ്ഞു. ജപ്തി നടപടിയുടെ പേരിൽ ഒരാളെ പോലും കുടിയിറക്കില്ലെന്ന് സർകാർ തന്നെ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കാസർകോട്ട് എൻഡോസൾഫാൻ ഇരയുടെ കുടുംബം തന്നെ ജപ്തി ഭീഷണി നേരിടുന്നത്.
സ്ഥലം വിൽപനക്കെന്ന് കാണിച്ച് ബാങ്ക് അധികൃതർ ഇവർ താമസിക്കുന്ന വീടിന് ഫ്‌ലക്‌സ് ബോർഡ് കെട്ടി കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ബാങ്ക് അധികൃതർ ബാനർ കെട്ടി പോയത്. ഇതിന് മുന്നിൽ കണ്ണീർ വാർത്ത് കഴിയുകയാണ് എൻഡോസൾഫാൻ ഇരയും കുടുംബവും. എൻഡോസൾഫാൻ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സെല്ലിൻ്റെ യോഗം വർഷങ്ങളായി നടക്കുന്നില്ല. ഇത്തരം വിഷയങ്ങൾ പിന്നെ എവിടെയാണ് അറിയിക്കേണ്ടതെന്ന് എൻഡോസൾഫാൻ വിരുദ്ധ സമരസമിതി പ്രവർത്തകർ ചോദിക്കുന്നു.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Endosulfan victim’s house and land auctioned by the bank due to unpaid loans. Family struggles to repay the debt despite government aid.
#Endosulfan, #Kasargod, #BankAuction, #Protests, #VictimStruggles, #KeralaNews