എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ യോഗം ഇരകളോടുള്ള അവഹേളനം-സമരസമിതി
Mar 22, 2013, 13:04 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചര്‍ച ചെയ്യാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ചര്‍ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയും തീരുമാനിച്ചു. 19 ദിവസമായി നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉപവാസ സമരം തുടരുന്നു. 90 കാരനായ മോയിന്‍ ബാപ്പുവിനെ വെള്ളിയാഴ്ച രാവിലെ അവശതയെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം ബുധനാഴ്ച വൈകിട്ട് ഉപവാസം ആരംഭിച്ച സ്വാതന്ത്ര്യ സമര സേനാനി നാരായണപ്പിള്ള പനി ബാധിച്ചതിനെതുടര്‍ന്ന് വ്യാഴാഴ്ച ഉപവാസം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18 ന് ആരംഭിച്ച സമരം വെള്ളിയാഴ്ച 33-ാംനാളിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തനി പ്രഹസനമായിരുന്നുവെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഹേളനമായിരുന്നുവെന്നും സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ കുറ്റപ്പെടുത്തി.
25ന് വീണ്ടും യോഗം ചേരുമെന്നും സര്‍ക്കാരിന്റെ തീരുമാനം അന്ന് അറിയിക്കുമെന്നും പറഞ്ഞ് തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതയും അന്ധയുമായ മുനീസ അമ്പലത്തറ ഉള്‍പെടെ ഒമ്പത് പേരാണ് സമരസമിതിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. 25 ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ അധികൃതര്‍, ദുരിതബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍, എം.പി എന്നിവര്‍ പങ്കെടുക്കും.
സമരസമിതി പ്രധാനപ്പെട്ട ഒമ്പത് ആവശ്യങ്ങളാണ് വ്യാഴാഴ്ചത്തെ യോഗത്തില്‍ ഉന്നയിച്ചതെങ്കിലും ഒന്നിന് മാത്രമാണ് പരിഹാരമുണ്ടായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍ത്തലാക്കുമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന കാര്യത്തില്‍ മാത്രമാണിത്. അതേസമയം തിങ്കളാഴ്ചത്തെ യോഗത്തില്‍ എല്ലാ ആവശ്യങ്ങളിന്‍മേലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യോഗത്തിനെത്തിയ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, എം.കെ മുനീര്‍, കെ.പി മോഹനന്‍, മഞ്ഞളാംകുഴി അലി, കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എം സുധീരന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു, ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വ്യാഴ്ചത്തെ യോഗത്തില്‍ സംബന്ധിച്ചു. സമരസമിതിയെ പ്രതിനിധീകരിച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ. അബികാസുതന്‍ മാങ്ങാട്, എം. സുല്‍ഫത്ത്, മുനീസ അമ്പലത്തറ, കെ.ബി മുഹമ്മദ് കുഞ്ഞി, സുധീര്‍, എം.കെ രാധാകൃഷ്ണന്‍, വി.കെ വിനയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച സമരസമിതി യോഗം ചേരുന്നുണ്ട്.
Keywords: Endosulfan, Strike, Meeting, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.