എന്‍ഡോസള്‍ഫാന്‍: സമരത്തിന് പിന്തുണയേറുന്നു; എംഎല്‍എ നടത്തിയ ചര്‍ച പരാജയപ്പെട്ടു
Mar 1, 2013, 21:20 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തിവരുന്ന നിരാഹാര സമരം വെള്ളിയാഴ്ച 12-ാം ദിവസത്തിലേക്ക് കടന്നു. ഡോക്ടര്‍ ഡി. സുരേന്ദ്രനാഥാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബു എന്നിവര്‍ സമരപ്പന്തലിലെത്തി സമര സമിതി നേതാക്കളുമായി ചര്‍ച നടത്തി. സരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ശ്രദ്ധിക്കുന്നുണ്ടെന്നും രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിക്കുമെന്നും പറഞ്ഞ എം.എല്‍.എയും കലക്ടറും സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഇതിന് മുമ്പും ഇത്തരം ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം ചെയ്യേണ്ടി വന്നതെന്നും സമരസമിതി നേതാക്കള്‍ എം.എല്‍.എയെ അറിയിച്ചു.
മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിക്കട്ടെ, അപ്പോള്‍ പറയാനുള്ളതെല്ലാം പറയും. രേഖാമൂലമുള്ള ഉറപ്പും പരിഹാരവും ഉണ്ടായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുന്ന പ്രശ്‌നം ഉദിക്കുന്നുള്ളൂ- അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സാസഹായം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പീഢിത ജനകീയ മുന്നണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം വെള്ളിയാഴ്ച രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമാണെന്നും ദുരന്തത്തിനിരയായ ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെയോര്‍ത്ത് അസൂയപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ സെക്രട്ടറി ടി. കൃഷ്ണന്‍, അഡ്വ. സുരേഷ് ബാബു, നാരായണന്‍ പേരിയ, ഡോ. വേണുഗോപാല്‍, വി. രാജന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എന്‍.എം സുബൈര്‍, ഉമേശ് സാലിയന്‍, വെല്‍ക്കം മുഹമ്മദ്, മുഹമ്മദ് ഐഡിയല്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്‍ വ്യാഴാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് പ്രകടനമായി സമരപന്തലിലെത്തി. സമരത്തെ അവഗണിച്ച് തോല്‍പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ എസ്.എസ്.എഫ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍, സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം, എസ്.വൈ.എസ് നേതാക്കളായ ഹസ്ബുല്ല തളങ്കര, അഷ്‌റഫ് കരിപ്പോടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമരത്തിന് ആര്‍.എസ്.പി.(ബി) കാസര്‍കോട് മണ്ഡലം സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി ശാഫി ചെമ്പരിക്ക, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഉബൈദുല്ല കടവത്ത്, കലന്തര്‍ഷാ, റഹ്മത്തുല്ല എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Keywords: Endosulfan, Strike, MLA, Doctor, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.