Criticism | സന്ദർശക വിസയിൽ വിദേശങ്ങളിലേക്ക് പോകുന്നവർക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
● '70,000 രൂപയുടെ ബാങ്ക് ബാലൻസ് നിർബന്ധം'
● 'കേരളീയർക്ക് വിമാനത്താവളങ്ങളിൽ വലിയ പ്രയാസം'
● എൻ എ നെല്ലിക്കുന്ന് കേന്ദ്രമന്ത്രിമാർക്ക് കത്തയച്ചു
കാസർകോട്: (KasargodVartha) സന്ദർശക വിസയിൽ വിദേശങ്ങളിലേക്ക് പോകുന്നവർക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ പോകുന്നവർ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിതമായ പ്രയാസങ്ങൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മംഗ്ളുറു വിമാനത്താവളത്തിലെത്തുന്ന കേരളീയരാണ് കൂടുതൽ പ്രയാസം നേരിടുന്നത്. സന്ദർശക വിസയിൽ രാജ്യം വിടുന്നവർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ 70,000 രൂപയുടെ ബാലൻസ് കാണിക്കണമെന്നതാണ് അധികൃതരുടെ കാർക്കശ്യമായ നിലപാട്. ഇങ്ങനെ ഒരു നിയമമുണ്ടെന്ന് അറിയാത്ത പലർക്കും വിമാനം കയറാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്.
ഇതുമൂലം സാമ്പത്തികവും മാനസികവുമായ നഷ്ടം ഉണ്ടാകുന്നു. വിസിറ്റ് വിസയിൽ പോകുന്നവർക്ക് വിദേശങ്ങളിൽ ജീവിക്കാൻ പ്രയാസമില്ലെന്നും താമസ സൗകര്യവും ഭക്ഷണവും കിട്ടാതെ ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും എല്ലാവർക്കുമറിയാം. നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായാൽ വിദേശങ്ങളിലെ താമസവും ഭക്ഷണവും എങ്ങനെയാണ് ഉറപ്പ് വരുത്തുകയെന്ന് അദ്ദേഹം ചോദിച്ചു.
ഈ പുതിയ നിയമം സന്ദർശക വിസയിൽ പോകുന്നവരെ സഹായിക്കാനുള്ളതല്ലെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വ്യോമയാന മന്ത്രിക്കും എൻഎ നെല്ലിക്കുന്ന് എംഎൽഎ കത്തയച്ചു.
#Kerala #VisaRules #TouristHarassment #GulfMigration #India