എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുന:സ്ഥാപിച്ചു നല്‍കുന്നു
Jun 8, 2012, 15:46 IST
കാസര്‍കോട്: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 1993 ജനുവരി ഒന്നു മുതല്‍ 2012 മെയ് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും പുതുക്കാവുന്നതാണ്. ഇതേകാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരിപഠനത്തിന് പോകേണ്ടി വന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തവരുടെ അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റിയും പുന:സ്ഥാപിച്ചു നല്‍കുന്നതാണ്.
രജിസ്‌ട്രേഷന്‍ പുതുക്കല്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കും. രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവസാനം രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിശദവിവരം ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 01-01-1993 ന് ശേഷം രജിസ്‌ട്രേഷന്‍ റദ്ദായ കാരണത്താല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതവും അല്ലാതെയും എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ട് ഉത്തരവിനായി കാത്തിരുന്നവരും ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പുതുക്കലിനായി അപേക്ഷ നല്‍കേണ്ടതാണ്. ഓഗസ്റ്റ് 31ന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. ഏതെങ്കിലും ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മന:പൂര്‍വ്വം ഹാജരാകാത്തതിന്റെ പേരിലോ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യത്തിനും അര്‍ഹതയില്ല.
പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട മേഖലാ പ്രൊഫഷണല്‍ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പുന:സ്ഥാപിക്കപ്പെട്ട രജിസ്‌ട്രേഷന്‍ സീനിയോറിറ്റി ജോലിക്ക് പരിഗണിക്കുന്നതിന് വേണ്ടി മാത്രമായിരിക്കും. സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഇനിമേല്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് പ്രത്യേക പുതുക്കല്‍ അനുവദിക്കുന്നതല്ല.
Keywords: Employment, Registration, Kasaragod







