Elope | ഒളിച്ചോടിയതിന് പിന്നാലെ കാമുകനെ ഒഴിവാക്കി കാമുകി വീട്ടുകാരോടൊപ്പം പോയി; പൊലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ രംഗങ്ങൾ
● യുവാവിന്റെ ഭാര്യയും പൊലീസ് സ്റ്റേഷനിൽ എത്തി
● ഇരുവരും ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്
● യുവാവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്
കാഞ്ഞങ്ങാട്: (KasargodVartha) വീടുവിട്ട കമിതാക്കൾ തിരിച്ചെത്തിയപ്പോൾ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ രംഗങ്ങൾ. ഇക്കഴിഞ്ഞ 17ന് വീടുവിട്ട ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 23 കാരിയും കാമുകനായ യുവാവും ആണ് പൊലീസിൽ ഹാജരായത്. ജോലിക്ക് പോയ യുവതി രാത്രിയായിട്ടും വീട്ടിലെത്താത്തതിനാൽ മാതാവ് നൽകിയ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു.
അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ചീമേനി സ്വദേശിയായ യുവാവിനൊപ്പം പോയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവതിയെയും കൂട്ടി ഗോവയിലേക്ക് കടന്ന യുവാവ് പൊലീസിൻ്റെ സമ്മർദത്തിന് വഴങ്ങി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവാവിൻ്റെ ഭാര്യയും സ്റ്റേഷനിലെത്തിയിരുന്നു. ഭർത്താവിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ യുവതി കാമുകിയോട് വിവരിച്ചു. ആറ് വർഷം മുമ്പാണ് വിവാഹം കഴിച്ചതെന്നും ഇപ്പോൾ മൂന്ന് മാസം പ്രായമുള്ള കുത്തിനെയും അഞ്ച് വയസുള്ള കുട്ടിയെയും തന്നെയും ഉപേക്ഷിച്ചാണ് ഭർത്താവ് വന്നതെന്ന് ഭാര്യ യുവതിയോട് തുറന്നു പറഞ്ഞു.
വീട്ടുകാരും പൊലീസുമുൾപെടെയുള്ളവർ ഉപദേശവും നൽകി. ഭാര്യയും കാമുകിയും സ്റ്റേഷനിൽ മുഖാമുഖം കണ്ടുമുട്ടി ഉള്ളുതുറന്ന് സംസാരിച്ചു. ഭാര്യ പ്രസവശുശ്രൂഷയിലുള്ള സമയത്താണ് യുവാവ് സാമൂഹ്യ മാധ്യമം വഴി യുവതിയെ പരിചയപ്പെടുന്നതും ഒളിച്ചോടുന്നതും. ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവതി വീട്ടുകാർക്കൊപ്പം പോയി.
#KeralaNews #Elopement #LoveStory #PoliceDrama #SocialMedia