Elephants | ബളാലിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; ബന്തമല പ്രദേശം ഉഴുതുമറിച്ചു; നിരവധി കർഷകരുടെ വിളകൾ നശിപ്പിച്ചു
നിലവിൽ ആനക്കൂട്ടം കൃഷി സ്ഥലത്തിനോട് ചേർന്ന് തന്നെ തമ്പടിച്ചിരിക്കുന്നതായി കർഷകർ പറയുന്നു
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) ബളാൽ പഞ്ചായതിലെ മാലോം ബന്തമലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. വൈദ്യുതി തൂണിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയർ ആന പൊട്ടിച്ചു. ബന്തമലയിലെ നെറ്റോയുടെ വീട്ടിലേക്ക് ഉള്ള വൈദ്യുതി ബന്ധമാണ് ആന വിച്ഛേദിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് ഈ ഭാഗത്ത് ആനക്കൂട്ടം വ്യാപകമായി നാശം വരുത്തിയിരിക്കുന്നത്.
ചക്കാലക്കൽ ജോർജിന്റെ കൃഷിസ്ഥലത്തെ അഞ്ചു തെങ്ങ്, 20 കവുങ്ങുകൾ, സമീപത്തെ പന്തീരാവിൽ നെറ്റോയുടെ വാഴ, തെങ്ങ്, കവുങ്ങ്, ഉറപ്പുഴിക്കൽ ജെൻസൻന്റെ കവുങ്ങ്, തെങ്ങ്, പുത്തൻപുര മാത്യുവിന്റെ 30 കവുങ്ങുകൾ, പിണകാട്ട് ജോസിന്റെ കവുങ്ങ് എന്നിവയും ആന നശിപ്പിച്ചു.
കഴിഞ്ഞ ദിവസം മാലോം വലിയ പുഞ്ചയിലും ആന ഇറങ്ങിയിരുന്നു. നിലവിൽ ആനക്കൂട്ടം തങ്ങളുടെ കൃഷി സ്ഥലത്തിനോട് ചേർന്ന് തന്നെ തമ്പടിച്ചിരിക്കുന്നതായും കർഷകർ പറയുന്നു. വാർഡ് മെമ്പർ ജെസി ചാക്കോ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലം സന്ദർശിച്ചു.
കർഷകർക്ക് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് കാട്ടാന ആക്രമണം. കൃഷി നാശനഷ്ടം, ജീവഹാനി എന്നിവ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. ഈ പ്രശ്നത്തിന്റെ സങ്കീർണത മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നാണ് ഉയരുന്ന ആവശ്യം.