city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9,90,513 വോട്ടര്‍മാര്‍, നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 13.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 9,90,513 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കലക്ടര്‍ പറഞ്ഞു. പോൡഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ പരിശീലനവും വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ക്രമപ്പെടുത്തലും അടക്കം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലായി 799 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് വിതരണം വെള്ളിയാഴ്ച രാവിലെയോടെ പൂര്‍ത്തിയായതായും കലക്ടര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ ഇല്ലാത്തതിനാലാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പ് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വനിതകള്‍ നിയന്ത്രിക്കുന്ന പത്തു പോളിംഗ് സ്‌റ്റേഷനുകളും മുപ്പത് മാതൃകാ സ്‌റ്റേഷനുകളും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 45 പ്രശ്‌നബാധിത ബൂത്തുകളും 28 അതീവപ്രശ്‌നബാധിത ബൂത്തുകളും 132 സെന്‍സിറ്റീവ് ബൂത്തുകളും ഉള്ള സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയ്ക്കായി 99 പോളിംഗ് ബൂത്തുകളിലായി 142 തത്സമയ വെബ്കാസ്റ്റിംങ്ങും അമ്പത് വീഡിയോക്യാമറകളും ഒരുക്കിയിട്ടുണ്ട്.

വോട്ടര്‍മാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മുപ്പത് മോഡല്‍ പോളിംഗ് സ്‌റ്റേഷനുകളും അവിടെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. പോളിംഗ് സ്റ്റേഷന്‍ അംഗപരിമിത സൗഹൃദമാക്കുന്നതിന് ബൂത്തുകളില്‍ വീല്‍ ചെയറുകള്‍ ലഭ്യമാക്കും. റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും. 990513 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 103404 പുരുഷന്‍മാരും 104741 സ്ത്രീകളും ഉള്‍പ്പെടെ 208145 വോട്ടര്‍മാരുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍ 188848 വോട്ടര്‍മാരാണ് ആകെയുള്ളത് ഇതില്‍ 94214 പുരുഷന്‍മാരും 94634 സ്ത്രീകളുമുണ്ട്. ഉദുമയില്‍ 97117 പുരുഷന്‍മാരും 102712 സ്ത്രീകളും ഉള്‍പ്പെടെ 199829 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 204445 വോട്ടര്‍മാരുള്ളതില്‍ 97205 പുരുഷന്‍മാരും 107240 സ്ത്രീകളുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 189246 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 88793 പുരുഷന്‍മാരും 100453 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1150 പ്രവാസി വോട്ടര്‍മാരും 1575 സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്ത് കഴിഞ്ഞു.

പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 920 വീതം പോളിങ് ഓഫീസര്‍മാരും റിസര്‍വ്വ് ഇനത്തില്‍ 461 പേരും ഉള്‍പ്പെടെ 4141 പേരാണ് പോളിങ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

മഞ്ചേശ്വരം കാസര്‍കോട് ഉദുമ മണ്ഡലങ്ങളുടെ പോളിങ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ കാസര്‍കോട് ഗവ: കോളേജിലും, കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെത് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഈ കേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ രംഗത്തുണ്ടാകും.

മഞ്ചേശ്വരം (8), കാസര്‍കോട് (7), ഉദുമ (10), കാഞ്ഞങ്ങാട് (12), തൃക്കരിപ്പൂര്‍ (9) എന്നിങ്ങനെ 5 നിയമസഭാ മണ്ഡലങ്ങളിലായി 46 സ്ഥാനാര്‍ത്ഥികളാണ് മത്‌സര രംഗത്തുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്. തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 799 പോളിങ് ബൂത്തുകളിലേക്കായി 957 സിംഗിള്‍ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മെയ് 16 ന് രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. സമാധാനപരമായ വോട്ടെടുപ്പ് പൂര്‍ത്തീകരണത്തിനായി ജില്ലയില്‍ 8 കമ്പനി സേനകള്‍ എത്തും. ആറു കമ്പനി പാരാമിലിട്ടറി ഫോഴ്‌സും രണ്ട് കമ്പനി ആംഡ് ഫോഴ്‌സുമാണ് ജില്ലയിലെത്തുക. കര്‍ണ്ണാടക പോലീസിന്റെയും ഐ ടി ബി പി യുടെയും രണ്ട് സേനകള്‍ വീതവും ബി എസ് എഫ് ഉം സി ഐ എസ് എഫും ഓരോ കമ്പനി വീതവും രണ്ട് കമ്പനി കേരള ആംഡ് ഫോഴ്‌സും ജില്ലയില്‍ ഉണ്ടാകും. ജില്ലയിലെ 799 ബൂത്തുകളില്‍ ഓരോ ബൂത്തിലും അഞ്ച് പേര്‍ സുരക്ഷയൊരുക്കും.

ഓരോ പോലീസ് സ്റ്റേഷനിലും ഒരു സി ഐ യെയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി എട്ട് പേരേയും നിയമിക്കും. കൂടാതെ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡി വൈ എസ് പി യെയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി 18 പേരേയും നിയമിക്കും. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ 50 ഗ്രൂപ്പ് പട്രോളും, ഒരു ബോട്ട് പട്രോളും, 32 ലോആന്റ് ഓര്‍ഡര്‍ പട്രോളും നിയമിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അത്യാവശ്യ ഘട്ടങ്ങളിലേക്കായി ഒരു പട്രോള്‍ കൂടി നിയമിച്ചിട്ടുണ്ട്. നിലവില്‍ ജില്ലിയില്‍ 186 പ്രശ്‌നബാധിത ബൂത്തുകളാണ് പട്ടികയിലുള്ളത്.

ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് രേഖപ്പെടുത്താവുന്ന നോട്ടയ്ക്ക് ഇത്തവണ ചിഹ്നമുണ്ടാകും. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ്പ് ഇത്തവണ കമ്മീഷന്‍ ബൂത്ത് തല ഉദ്യോഗസ്ഥന്‍മാര്‍ വഴി നേരിട്ട് നല്‍കി. വോട്ടിങ് യന്ത്രത്തിലെ ബാലറ്റിലും പോസ്റ്റല്‍ബാലറ്റിലും ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ ചിത്രമുണ്ടാകും. വിവിധ മാധ്യമങ്ങള്‍ വഴിയുള്ള പെയ്ഡ്‌ന്യൂസ് തടയാന്‍ കര്‍ശന നടപടിയെടുത്തിരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറ ഏര്‍പ്പടുത്തും. വെബ്കാസ്റ്റിങ് തടസ്സം കൂടാതെ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധു മീര്‍ക്കാനം എന്നിവര്‍ സംബന്ധിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ മീഡിയ ഗൈഡ് കലക്ടര്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരത്തിന് നല്‍കി പ്രകാശനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9,90,513 വോട്ടര്‍മാര്‍, നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി


Keywords: Kasaragod, District, District Collector, Uduma, Kanhangad, Police, Press Meet, Poling Booth, Manjeshwaram, Raveendran Ravaneshwaram, Web camera.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia