Traffic Jam | പെരുന്നാൾ - വിഷു തിരക്ക്: സർവീസ് റോഡിൽ ഗതാഗതക്കുരുക്ക്; ദേശീയപാതയിൽ പൂർത്തിയായ റോഡുകൾ താൽക്കാലികമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം
* ഗതാഗത സ്തംഭനവും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണം
കാസർകോട്: (KasargodVartha) ഈദുൽ ഫിത്വർ - വിഷു തിരക്ക് കൂടിയതോടെ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. പെരുന്നാൾ - വിഷു അടുത്ത ദിവസങ്ങളിലായി ഒന്നിച്ചെത്തുന്ന സാഹചര്യത്തിൽ ദേശീയപാതയിൽ ഇടുങ്ങിയ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കഴിക്കാൻ ദേശീയപാതയിൽ നിർമാണം പൂർത്തിയായ റോഡുകൾ താൽക്കാലികമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി.
കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ്, ഉപ്പള, കറന്തക്കാട്, വിദ്യാനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കിൽ ജനം പൊറുതിമുട്ടുകയാണ്. ഇരുഭാഗത്തേക്കും പോകാനാകാതെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഏറെ നേരമാണ് റോഡിൽ കിടക്കേണ്ടി വരുന്നത്. ടാങ്കർ ലോറിയും കണ്ടെയ്‌നറും അടക്കമുള്ള വലിയ വാഹനങ്ങളും കൂടി വന്നാൽ പ്രശ്നങ്ങൾ വഷളാകുന്നു. ആംബുലന്‍സുകള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതി വിശേഷവും ഉണ്ടാവാറുണ്ട്.
ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാനുള്ള സൗകര്യം മാത്രമാണ് മിക്കയിടത്തും സർവീസ് റോഡിനുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തന്നെ നീണ്ടുനിൽക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഗതാഗത സ്തംഭനവും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
'ഗതാഗത തടസം ഒഴിവാക്കണം'
ഗതാഗത തടസം ഒഴിവാക്കാൻ തലപ്പാടി മുതൽ ചെർക്കള വരെ പൂർത്തിയായ ദേശീയപാതകൾ ഏപ്രിൽ 15വരെയെങ്കിലും താൽക്കാലികമായി തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, സെക്രടറി റിയാസ് കരീം എന്നിവർ ആവശ്യപ്പെട്ടു.