city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

70,000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കി

70,000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കി
കാസര്‍കോട്: ജില്ലാ പട്ടികജാതി വികസന വകുപ്പ് പട്ടികജാതിക്കാര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, മറ്റര്‍ഹവിഭാഗക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട 70,000 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ ആനുകൂല്യം നല്‍കിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന 981 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യാത്രാ സൗകര്യത്തിനായി സൈക്കിള്‍ അനുവദിച്ചു. ഒരു സൈക്കിളിന് 3,000 രൂപ വീതമാണ് അനുവദിച്ചത്. 29.43 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

ജില്ലയില്‍ പട്ടികജാതി വിഭാഗക്കാരുടെ വികസനത്തിനും, മറ്റര്‍ഹ സമുദായക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടിയിലധികം രൂപ ചെലവഴിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിയ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്. 258 പേര്‍ക്ക് ഭൂമി വാങ്ങാനായി 3.87 കോടി രൂപയും ഭവന നിര്‍മ്മാണ സഹായമായി 511 പേര്‍ക്ക് 3.55 കോടി രൂപയും വകുപ്പ് നല്‍കി. 189 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു.

പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മുന്നോക്ക വിഭാഗത്തിലും പതിനേഴായിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യമായി എട്ട് കോടി രൂപ വിനിയോഗിച്ചു. പട്ടികജാതി, ഒ.ഇ.സി വിഭാഗങ്ങളിലെ 13,556 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യമായി 48 ലക്ഷം രൂപയും നല്‍കി. മറ്റു പിന്നോക്ക വിഭാഗത്തില്‍ പെടുന്ന 39,358 പ്രീമെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നോക്ക വിഭാക വികസന വകുപ്പ് മുഖേന 3.69 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ബുക്ക് ബാങ്ക് സ്‌കീം, പഠനയാത്രാ ആനുകൂല്യം എന്നിവയും നല്‍കി വരുന്നു.

പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഓണ്‍ലൈനായി ലഭിക്കുന്ന ഇ-ഗ്രാന്റ്‌സ് പദ്ധതിയുടെ പ്രയോജനം പതിമൂവായിരം പേര്‍ക്ക് ലഭിച്ചു. അക്ഷയകേന്ദ്രം വഴി പോസ്റ്റ്‌മെട്രിക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സൗജന്യമായി ഡാറ്റാ എന്‍ട്രി വരുത്തുന്നതിനും അവസരമൊരുക്കി.

വകുപ്പിന്റെ കീഴില്‍ എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലും മൂന്ന് പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുമായി 550 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് താമസ ഭക്ഷണ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വെള്ളച്ചാല്‍ എം.ആര്‍.എസ്സിന് മികച്ച ഗ്രേഡുകളോടെ നൂറ് ശതമാനം വിജയം. എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ആറെണഅമത്തിലും 100 ശതമാനം വിജയം ലഭ്യമായി. ഹോസ്റ്റലുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി.

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പ്രഫഷണല്‍ പരീക്ഷകളില്‍ മികവ് തെളിയിച്ച 107 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സന്റീവായി 1.41 ലക്ഷം രൂപ വിതരണം ചെയ്തു. വൃത്തിഹീന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്ന പദ്ധതി പ്രകാരം 616 പേര്‍ക്ക് 10.70 ലക്ഷം രൂപയും അയ്യന്‍കാളി ടാലന്റ് സെര്‍ച്ച് സ്‌കീം പ്രകാരം 83 പേര്‍ക്ക് 4.06 ലക്ഷം രൂപയും നല്‍കി.

അതിക്രമങ്ങള്‍ക്കിരയായ 17 പേര്‍ക്ക് വിവിധ കേസ്സുകളിലായി 2.97 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കി. മിശ്ര വിവാഹിതര്‍ക്കുള്ള ധനസാഹായമായി 20 ദമ്പതികള്‍ക്ക് 9.70 ലക്ഷം രൂപയും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായമായി 325 പേര്‍ക്ക് 64.20 ലക്ഷം രൂപയും വിനിയോഗിച്ചു.

ഗുരുതരമായ രോഗം ബാധിച്ച 341 പേര്‍ക്ക് 6.74 ലക്ഷം രൂപ ചികിത്സാ സഹായം അനുവദിച്ചു. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 53 പേര്‍ക്ക് 32.08 ലക്ഷം രൂപ സബ്‌സിഡി നല്‍കി. ഐ.ടി.ഐ, ഐ.ടി.സി, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് എന്നീ അപ്രന്റീഷിപ്പ് ട്രെയിനി പദ്ധതിയില്‍ 24 പേര്‍ക്ക് പരിശീലനത്തിന് 25.08 ലക്ഷം രൂപ അനുവദിച്ചു. 47 പേരെ എസ്.സി പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുത്ത് 9.96 ലക്ഷം രൂപ ഹോണറേറിയം നല്‍കി.

ജില്ലയിലെ മൂന്ന് കോളനികളില്‍ ഇന്റര്‍നെറ്റ്, ലൈബ്രറി സൗകര്യങ്ങളോടെ വിജ്ഞാന്‍വാടി സ്ഥാപിച്ചു. 12 പേര്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന് സഹായമനുവദിച്ചു. ജില്ലയിലെ എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന് 7.34 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. അഗ്രോ നഴ്‌സറി തുടങ്ങുന്നതിന് ഏഴ് പേര്‍ക്ക് 14 ലക്ഷം അനുവദിച്ചു. രണ്ട് വനിതാ വാദ്യ സംഘങ്ങള്‍ക്ക് 3.30 ലക്ഷം രൂപയുടെ വാദ്യോപകരണങ്ങള്‍ നല്‍കി. മഞ്ചേശ്വര പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം തുടങ്ങി. ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തു.

Keywords:  Education allowances, 70,000 students, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia