Earthquake | വെള്ളരിക്കുണ്ടിലെ ഭൂചലനം: തീവ്രത കുറഞ്ഞതിനാൽ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയില്ല

● വെള്ളരിക്കുണ്ട് താലൂക്കിൽ ശനിയാഴ്ച പുലർച്ചെ 1.35ന് ഭൂചലനം അനുഭവപ്പെട്ടു.
● 0.3 തീവ്രതയാണെന്ന് പ്രാഥമിക വിലയിരുത്തൽ.
● ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
● ജിയോളജി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും
കാസർകോട്: (KasargodVartha) വെള്ളരിക്കുണ്ട് താലൂക്കിൽ ശനിയാഴ്ച പുലർച്ചെ 1.35 ഓടെ അനുഭവപ്പെട്ട നേരിയ ഭൂചലനം തീവ്രത കുറഞ്ഞതിനാൽ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ കാസർകോട് വാർത്തയോട് പറഞ്ഞു. സംഭവത്തിൽ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ബളാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നാലഞ്ച് സെക്കൻഡ് വരെ നീണ്ടുനിന്ന ഭൂചലനത്തിൽ ശക്തമായ ശബ്ദവും കേട്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ ആളുകൾ പരിഭ്രാന്തരായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൊസ്ദുർഗ് താലൂക്കിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ചീമേനി വില്ലേജിലെ അമ്മംകോട്, മടിക്കൈ വില്ലേജിലെ ബങ്കളം എന്നിവിടങ്ങളിലാണ് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.10 ഓടെ തിമിരി വില്ലേജിലെ പിലാവളപ്പ് പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു.
നിലവിൽ ജില്ലയിൽ ജാഗ്രതാ നിർദേശമോ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ജിയോളജി വിഭാഗത്തോട് പഠനം നടത്താൻ നിർദേശിച്ചതായും അവർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ കാസർകോട് വാർത്തയോട് പറഞ്ഞു. തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നാണ് ലഭിച്ച വിവരം. 0.3 ആണ് തീവ്രതയെന്നാണ് കണക്കാക്കുന്നത്. റിക്ടർ സ്കെയിൽ രേഖപ്പെടുത്താൻ മാത്രം തീവ്രത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A mild earthquake in Vellarikundu, Kasargod, on Saturday morning was not recorded on the Richter scale due to low intensity. Authorities have not reported damage or casualties.
#Vellarikundu #Kasargod #Earthquake #KeralaNews #SeismicActivity #LocalNews