Lung Cancer | ശ്വാസ കോശ കാൻസർ: ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് പ്രധാനം; ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
Mar 31, 2024, 14:44 IST
കൊച്ചി: (KasargodVartha) ശ്വാസ കോശ കാൻസർ (Lung Cancer) വർധിച്ചു വരുന്നത് ആശങ്ക പടർത്തുകയാണ്. ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളിൽ പ്രധാനമാണ് ഇത്. രോഗാവസ്ഥ തിരിച്ചറിയാൻ കഴിയാതെ ചികിത്സ വൈകുമ്പോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ രോഗനിർണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിർണയം വൈകിയ വേളയിൽ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളിൽ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാൻ കഴിഞ്ഞിട്ടുള്ളൂ.
എന്നാൽ രോഗാവസ്ഥ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ രോഗികളിൽ 70% ആളുകളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വൈദ്യ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രോഗ നിർണയം വൈകിക്കുന്നത് അപകടകരമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ശ്വാസ കോശ കാൻസറിന്റെ ലക്ഷണങ്ങളിലൂടെ രോഗം മനസിലാക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സാധാരണ ഉണ്ടാവാറുള്ളത്.
എന്നിരുന്നാലും, ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാൻ കഴിയുമ്പോഴാണ് കൃത്യ സമയത്തുള്ള രോഗനിർണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാൻസറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തിൽ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ശ്വാസ തടസം എന്ന് പറയുന്നത്. ശ്വാസകോശത്തിലെ കാൻസർ കോശങ്ങൾ പെരുകുകയും ശേഷം ഇത് ശ്വാസനാളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറക്കുകയും ചെയ്യുന്നു. അങ്ങനെ ആവശ്യമായ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ ശരീരത്തിന് ഉണ്ടാവും. ഇത് കാൻസർ ബാധിതന് ശ്വാസതടസവും ക്ഷീണവും ഉണ്ടാക്കുന്നു.
പനി, ജലദോഷം ഒക്കെ ഉള്ള സമായത് സാധാരണ എല്ലാവർക്കും ചുമ ഉണ്ടാവാറുണ്ട്. എന്നാൽ ചുമ 10 ദിവസത്തിൽ കൂടുതൽ ഉണ്ടാവുകയും പിന്നീടും അത് നിർത്താതെ തുടരുകയും ചെയ്‌താൽ തീർച്ചയായും വൈദ്യ പരിശോധന ഉറപ്പ് വരുത്തുക. കഫത്തിൽ ഉണ്ടാകുന്ന രക്തം സാധാരണ പല കാരണങ്ങളാൽ ഉണ്ടാവാം. മുറിവ് കാരണമോ പുണ്ണുകളോ മോണ രോഗങ്ങൾ കാരണമോ രക്തം കാണാൻ സാധ്യത ഉണ്ട്. എങ്കിലും രക്തത്തിന്റെ തോത് കുറവാണെങ്കിലും കൂടുതൽ ആണെങ്കിലും കഫത്തിൽ രക്തം കാണപ്പെടുന്ന സാഹചര്യം വന്നാൽ ഡോക്ടറെ കാണുന്നത് നല്ലതാണ്.
കാൻസർ കോശങ്ങളുടെ വളർച്ച മൂലം വിശപ്പില്ലായ്മ ഉണ്ടാവുകയും ശരീര ഭാരം അനിയന്ത്രിതമായി കുറയുകയും ചെയ്യാറുണ്ട്. അങ്ങനെ മറ്റു കാരണങ്ങളൊന്നും ഇല്ലാതെ നാലോ അഞ്ചോ കിലോ പെട്ടെന്ന് കുറയുകയാണെങ്കിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. പരിശോധന ആവശ്യമായ ലക്ഷണങ്ങളിൽപ്പെട്ടതാണ് ഇതൊക്കെ. നിസാരമായി കാണാതെ ഡോക്ടറെ സമീപിക്കാവുന്നതാണ്.
കൂടുതലായും ശ്വാസകോശ കാൻസർ കാണപ്പെടുന്നത് പുകവലിക്കുന്ന ആളുകളിലാണ്. എന്നാൽ ഇന്ന് മറ്റു കാരണങ്ങൾ കൊണ്ടും ശ്വാസ കോശ കാൻസർ രോഗികൾ പെരുകുന്നുണ്ട്. നിരന്തരമായി പുകവലിക്കുന്നവരിൽ 55 വയസിന് മുകളിലുള്ളവർക്കാണ് ഈ രോഗം ഉണ്ടാകാനുള്ള സാധ്യത. മാത്രമല്ല കുടുംബത്തിൽ മറ്റു ശ്വാസ കോശ കാൻസർ രോഗികൾ ഉണ്ടാവുകയാണെങ്കിൽ പാരമ്പര്യമായും ഈ രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അന്തരീക്ഷ മലിനീകരണവും പുകവലി പോലെ തന്നെ ശ്വാസകോശ കാന്സറിന്റെ മറ്റൊരു എടുത്ത് പറയേണ്ട കാരണമാണ്. മലിനമായ വായു ശ്വസിക്കുന്നത് മൂലം ആർക്കും ഈ രോഗം വരാം.
Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Lung Cancer, Early Signs of Lung Cancer.