city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ-മണല്‍ ക്രമക്കേട്: കലക്ടര്‍ നേരിട്ടെത്തി കടവുകളില്‍ പരിശോധന നടത്തി

കാസര്‍കോട്: (www.kasargodvartha.com 25.09.2014) കാസര്‍കോട്ടെ പുഴകളിലേയും കടലോരങ്ങളിലേയും കടവുകളിലുടെ നല്‍കുന്ന ഇ-മണല്‍ സംവിധാനത്തില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടക്കുന്നതായുള്ള കാസര്‍കോട് വാര്‍ത്താ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കടവുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി.

ചളിയങ്കോട് പുഴക്കടവിലും കീഴൂര്‍ പോര്‍ട്ട് കടവിലുമാണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കലക്ടര്‍ പരിശോധനയ്‌ക്കെത്തിയത്. കലക്ടറുടെ പരിശോധനക്ക് മുമ്പ് വിജിലന്‍സ് സി.ഐ പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കടവുകളിലും പോര്‍ട്ട് ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഓണ്‍ലൈനായി നല്‍കുന്ന പാസിന്റെ നിരവധി പ്രിന്റുകളെടുത്ത് മണല്‍കടത്ത് സംഘം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണല്‍കടത്തുന്നതായുള്ള വാര്‍ത്ത കാസര്‍കോട് വാര്‍ത്തയാണ് പുറത്ത് വിട്ടത്.

പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഇ- മണല്‍ വിതരണത്തില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടക്കുന്നതായി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുമ്പള ആരിക്കാടി പോര്‍ട്ട് കടവില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേട് വ്യക്തമായി കണ്ടെത്തിയിരുന്നു. 24 ലോറികള്‍ മണല്‍ കടത്തി പോകുന്നത് വീഡിയോയില്‍ പകര്‍ത്തിയ വിജിലന്‍സ് സംഘം പിന്നീട് കടവില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് ലോഡ് മണല്‍ കൊണ്ടുപോയതായി മാത്രമാണ് ലെഡ്ജറില്‍ ചേര്‍ത്തിരുന്നത്.

റോഡില്‍ പരിശോധന നടത്തുന്ന ഹൈവേ പോലീസ് 500 രൂപാ വീതം ഓരോ ലോറിയില്‍ നിന്നും കൈമടക്ക് വാങ്ങുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കീഴൂര്‍ കടവില്‍ രണ്ട് ആരാധാനാലയങ്ങളുടെ കമ്മിറ്റിക്കാര്‍ക്കും നിശ്ചിത തുക നല്‍കേണ്ടിവരുന്നതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഇ-മണല്‍ കൃത്രിമ രേഖകള്‍ ചമച്ച് മണല്‍ ലോബികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തികൊണ്ടുപോയി മൂന്നിരട്ടി വിലയ്ക്ക് കരിഞ്ചന്തയില്‍ നല്‍കുന്നതായാണ് വ്യക്തമായിട്ടുള്ളത്. ഫീസിനത്തില്‍ സര്‍ക്കാറിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് മണല്‍ ലോബികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇല്ലാതാക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെയാണ് കലക്ടര്‍ തന്നെ കടവുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. ഇ-മണല്‍ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാന്‍ മണല്‍ അനുവദിക്കുന്നവര്‍ക്ക് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മണല്‍ കടത്ത് സംബന്ധിച്ചുള്ള വിവരം കാസര്‍കോട് വാര്‍ത്ത പുറത്ത് വിട്ടതോടെ കീഴൂരിലെ സാമൂഹ്യ പ്രവര്‍ത്തകനായ യുവാവിനെ കീഴൂരിലെ കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി കോള്‍ വിവരങ്ങള്‍ പരിശോധിച്ചതും മണല്‍ ലോബികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവരാന്‍ ഇടയാക്കിയിരുന്നു. പരിശോധനയ്ക്ക് വിധേയനായ യുവാവ് എസ്.പിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇ-മണല്‍ ക്രമക്കേട്: കലക്ടര്‍ നേരിട്ടെത്തി കടവുകളില്‍ പരിശോധന നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia