Vaccination | കന്നുകാലികള്‍ക്ക് ഇരട്ട വാക്സിന്‍; പ്രതിരോധ കുത്തിവെപ്പുമായി മൃഗസംരക്ഷണ വകുപ്പ്
കാസർകോട്: (KasargodVartha) ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതൽ കന്നുകാലികൾക്ക് രണ്ട് പ്രധാന രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. കുളമ്പുരോഗത്തിനും ചർമ്മ മുഴ രോഗത്തിനുമെതിരായ സംയുക്ത പ്രതിരോധ കുത്തിവയ്പ്പാണ് നടത്തുന്നത്.
കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പിന്റെ അഞ്ചാം ഘട്ടവും, ചർമ്മ മുഴ രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടവും ഒന്നിച്ച് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ പതിനൊന്ന് വരെയാണ് നടക്കുക. മൃഗസംരക്ഷണ വകുപ്പിന്റെ വാക്സിനേഷൻ സ്ക്വാഡ് കർഷകരുടെ വീടുകളിലെത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിൻ നൽകും.
മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസന വകുപ്പ്, ക്ഷീരസംഘങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയും ഈ പ്രവർത്തനത്തിൽ പങ്കെടുക്കും. നാല് മാസമോ അതിൽ കൂടുതലോ പ്രായമുള്ള കന്നുകാലികൾക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകുക.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പാൽ പൊലിമ കർഷക സമ്പർക്ക ബോധവൽക്കരണ പരിപാടിയും പഞ്ചായത്തുകളിൽ നടത്തും.