Demand | ഉപ്പളയിലെ കോടികളുടെ മയക്കുമരുന്ന് വേട്ട: കാസർകോട്ട് തീരദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല ലഹരി വിൽപനയും ഉപയോഗവും അന്വേഷണപരിധിയിൽ വേണമെന്ന് ആവശ്യം
● എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമെന്ന് ആരോപണം.
● പ്രദേശവാസികൾ പരാതിയുമായി രംഗത്ത്.
കുമ്പള: (KasargodVartha) ഉപ്പളയിലെ കോടികൾ വില വരുന്ന ലഹരിവസ്തുക്കൾ പിടികൂടിയതിന് പിന്നാലെ ജില്ലയിൽ തീരദേശ മേഖലയിൽ തമ്പടിച്ചുള്ള രാത്രികാലത്തെ ലഹരി ഉപയോഗവും, വിൽപ്പനയും അന്വേഷണപരിധിയിൽ വേണമെന്ന ആവശ്യം ശക്തമായി. രാത്രി 12 മണിക്ക് ശേഷം തീരദേശ മേഖലയിൽ രാത്രിയെ പകലാക്കി ലഹരി മാഫിയ തമ്പടിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
കാറിലും, ബൈക്കുകളിലുമായി എത്തുന്ന സംഘം നേരം വെളുക്കും വരെ ലഹരി ഉപയോഗിച്ചും വിൽപന നടത്തിയും തീരദേശത്ത് തമ്പടിക്കുന്നതായാണ് വിവരം. ഉപ്പളയിലെ ലഹരി വേട്ടയോടെ ലഹരി മാഫിയകളുടെ ഉറവിടവും പൊലീസ് കണ്ടെത്തിയതോടെ ജില്ലയിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിന്റെയും വിൽപനയുടെയും കണ്ണികളെ അന്വേഷിക്കുകയാണ് ഇപ്പോൾ പൊലീസ് സംഘം.
ഈയടുത്തകാലത്തായി ജില്ലയിൽ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ വ്യാപകമാകുന്നതായി പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ ചെറുകണ്ണികളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. വമ്പൻ സ്രാവുകൾ വലയിലായതോടെ ഇനി ആരൊക്കെ കുടുങ്ങുമെന്നത് പൊലീസ് അന്വേഷണത്തിൽ വ്യക്തമാവും. രക്ഷപ്പെടാതിരിക്കാൻ പൊലീസ് നിരീക്ഷണം ഇതിനകം ശക്തമാക്കിയിട്ടുമുണ്ട്.
കുമ്പള തീരദേശ മേഖലയിൽ വലിയ തോതിലുള്ള ലഹരി വിൽപനയും, ഉപയോഗം നടക്കുന്നതായി പ്രദേശവാസികളിൽ നിന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഉപ്പളയിലെ ലഹരി കടത്ത് പിടികൂടിയതിന് പിന്നാലെ ഇവിടങ്ങളിൽ ലഹരി മാഫിയ എത്താത്തത് പ്രദേശവാസികളിൽ സംശയം ഉയർത്തിയിട്ടുമുണ്ട്.
ഉപ്പളയിലെ ഏജന്റുമാരാണ് തീരദേശ മേഖലയിലും ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നുതെന്ന സംശയം തീർക്കേണ്ടത് അന്വേഷണ സംഘമാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ഇത്തരത്തിൽ അന്വേഷണം തീരദേശ മേഖലയിലേക്കും നീളുമെന്ന് ഉറപ്പാണെന്ന് തീരദേശവാസികൾ പറയുന്നു.
#KeralaDrugs #DrugBust #Uppala #Kasaragod #CoastalKerala #DrugMafia #MDMA #PoliceInvestigation #NightTimeDrugTrade #DrugTrafficking #DrugAbuse #KeralaPolice