ശനിയാഴ്ച ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലെന്നറിയിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രഹസ്യമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയതായി ആക്ഷേപം
Apr 21, 2018, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2018) ശനിയാഴ്ച ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലെന്നറിയിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രഹസ്യമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയതായി ആക്ഷേപം. ശനിയാഴ്ച രാവിലെയാണ് അഞ്ചു പേര്‍ക്കു വേണ്ടി പാറക്കട്ട ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്. ചിലര്‍ക്കു വേണ്ടി മാത്രം അധികൃതര്‍ നടത്തുന്ന സഹായങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ് മുന്നറിയിപ്പില്ലാതെ മാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ശനിയാഴ്ചകളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടാകില്ലെന്ന് അധികൃതര്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരെയും അപേക്ഷകരെയും അറിയിച്ചിരുന്നു. ഇനി മുതല്‍ ശനിയാഴ്ചകളില്‍ ടെസ്റ്റ് ഉണ്ടാവില്ലെന്ന് കര്‍ശനമായ അറിയിപ്പാണ് അധികൃതര്‍ നല്‍കിയത്. സ്ഥലത്ത് ഡ്രൈവിംഗ് പരിശീലനത്തിനെത്തിയവരെ കണ്ട് ടെസ്റ്റ് നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ടെസ്റ്റ് നടത്തുകയും അഞ്ചു പേരും തോറ്റു പോയെന്ന് വരുത്തിത്തീര്‍ത്ത് പെട്ടെന്ന് സ്ഥലം വിടുകയായിരുന്നുവെന്നുമാണ് ആക്ഷേപം.
അതേസമയം രഹസ്യമായി ടെസ്റ്റ് നടത്തിയെന്നുള്ള ആക്ഷേപം ശരിയല്ലെന്നും മൂന്നു മാസം മുമ്പു തന്നെ ഓണ്‍ലൈന്‍ വഴി ടെസ്റ്റ് തീയ്യതി നല്‍കിയവര്‍ക്കാണ് ശനിയാഴ്ച ടെസ്റ്റ് നടത്തിയതെന്നും ആര്‍ടിഒ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇനി മുതല്‍ ശനിയാഴ്ചകൡ ടെസ്റ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ് മാറ്റി വെച്ചതായുള്ള വിവരം എല്ലാ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരെയും അറിയിച്ചിരുന്നുവെന്നും മാധ്യമങ്ങളില്‍ റിപോര്‍ട്ട് നല്‍കിയിരുന്നുവെന്നും ആര്‍ടിഒ വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vehicle, Test, Driving Test, Motor Vehicle Department, Secret driving test, Driving test conducted in holiday; Controversy.