കുടിവെള്ള ക്ഷാമം രൂക്ഷം; ഗുണമില്ലാത്ത വളം; ഉദ്യോഗസ്ഥരില്ലാത്ത ഓഫീസുകള്‍
Apr 16, 2012, 14:29 IST

കാസര്‍കോട്: ജില്ലയുടെ എല്ലാ സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷം. റിപ്പയര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള കുഴല്‍ കിണറുകള്‍ ഇനിയും റിപ്പയര്‍ ചെയ്തിട്ടില്ല. കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഉപ്പുവെള്ള വിതരണം. അതും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. ജനങ്ങള്‍ക്ക് പരാതി പറയാന്‍ ഒരു ഇടവുമില്ല. ടൌണില്‍ അഞ്ചോളം കൌണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെ ജനങ്ങള്‍ മാര്‍ച്ച് നടത്തി. എം.എല്‍.എയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തുന്ന സ്ഥിതിയാണുള്ളത്. കാസര്‍കോടിന്റെ രൂക്ഷമായ കുടിവെള്ള ക്ഷാമം വിവരിച്ചു കൊണ്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയാണ് ഇക്കാര്യം വിശദീകരിച്ചത്. ജില്ലയുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കാന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ എം.എല്‍.എമാര്‍ വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ബാവിക്കര പമ്പ് ഹൌസില്‍ പുതിയ മോട്ടോര്‍ വാങ്ങാന്‍ 97 ലക്ഷം അനുവദിച്ചതാണ്. എന്നാല്‍ കിര്‍ലോസ്ക്കര്‍ കമ്പനിക്ക് മോട്ടോറിനായി ടെണ്ടര്‍ നല്‍കിയെങ്കിലും മോട്ടോര്‍ ലഭിക്കാന്‍ ഇനിയും ആറുമാസം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് അവതരിപ്പിക്കുമ്പോള്‍ അപമര്യാദയായിട്ടാണ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്.
കൃഷി, മൃഗസംരക്ഷണം, പഞ്ചായത്ത് ഗ്രാമ വികസനം തുടങ്ങിയ ഓഫീസുകളിലും ആശുപത്രികളിലും വേണ്ടത്ര ജീവനക്കാരില്ല. ഇതുമൂലം ജില്ലയുടെ വികസനം സ്തംഭിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ മുടന്തന്‍ ന്യായം പറയുന്നു-എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പരാതിയും ഇതുതന്നെ.
ഗുണനിലവാരമില്ലാത്ത വളം വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) ആവശ്യപ്പെട്ടു. ഉപ്പുവെള്ളം മൂലം കൃഷി നശിക്കുന്നത് തടയാന്‍ നടപടി എടുക്കണം. ജലനിധി പൈപ്പ് കടന്നു പോകുന്ന വടക്കേക്കാടില്‍ ജലനിധി വെള്ളം ലഭ്യമാക്കണം.
കൃഷി ഓഫീസുകളില്‍ കൃഷി ഓഫീസര്‍മാര്‍ അവധിയില്‍ പോകുമ്പോള്‍ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന് ചാര്‍ജ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് കെ.കുഞ്ഞിരാമന്‍ (ഉദുമ) ആവശ്യപ്പെട്ടു. കുടിവെള്ളമില്ലാത്ത കേന്ദ്രങ്ങളില്‍ കുഴല്‍ കിണറുകളും തുറന്ന കിണറുകളും കുഴിക്കണം. ദേലംപാടി വനപ്രദേശത്തും ഇരിയണ്ണിയിലും വൈദ്യുതി എത്തിക്കാനും, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും തടസ്സം നില്‍ക്കുന്ന ഫോറസ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ കമ്പിയും ട്രാന്‍സ്ഫോര്‍മറുകളും തുരുമ്പെടുക്കുന്നു. പിലിക്കോട് പഞ്ചായത്തില്‍ 85 കുടുംബങ്ങള്‍ക്ക് നല്‍കിയ കോഴി കുഞ്ഞുങ്ങള്‍ പൂര്‍ണ്ണമായി ചത്തൊടുങ്ങാനുണ്ടായ കാരണം കണ്ടെത്തും. ഓരോ കുടുംബത്തിനും 45 വീതം കോഴി കുഞ്ഞുങ്ങളെ നല്‍കിയിരുന്നുവെങ്കിലും ഗുണനിലവാരമില്ലാത്തതിനാല്‍ ചത്തു പോയിരുന്നു.
ജീവനക്കാരില്ലാതെ പഞ്ചായത്തുകള്‍ പൊറുതിമുട്ടുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അറിയാതെ തന്നെ ജീവനക്കാര്‍ അവധി എടുത്ത് നാട്ടിലേക്ക് മടങ്ങുന്നതായാണ് പ്രസിഡണ്ടുമാരുടെ പരാതി. ഈ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇടപെടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Keywords: Drinking water, Kasaragod