ജില്ലയ്ക്ക് സമഗ്രമായ വന്‍ കുടിവെള്ള പദ്ധതി കാബിനറ്റില്‍ അവതരിപ്പിക്കും
Apr 16, 2012, 14:44 IST

കാസര്‍കോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സമഗ്രമായതും ദീര്‍ഘ വീക്ഷണത്തോടു കൂടിയതുമായ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കണമെന്ന് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള പദ്ധതികള്‍ റിപ്പയര്‍ ചെയ്താലും അവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചാലും ജില്ലയ്ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ വന്‍ കുടിവെള്ള പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കണം. ഇതുസംബന്ധിച്ച പദ്ധതിയുടെ ആവശ്യകത മറ്റന്നാള്‍ ചേരുന്ന കാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയ്ക്കാവശ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചു ചിന്മയമിഷന്‍ അന്നപൂര്‍ണ്ണ ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ ജൈവ ജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞ വളം ഒരു കാരണവശാലും കര്‍ഷകര്‍ക്ക് നിര്‍ബന്ധിച്ചു നല്‍കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സ്വന്തമായി ജൈവവളം ഉണ്ടാക്കി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. വിലയ്ക്ക് വളം വാങ്ങുന്നതിന് വകുപ്പ് പ്രോത്സാഹനം നല്‍കരുത്. മോശമായ വളം പഞ്ചായത്തും കര്‍ഷകരും തിരിച്ചറിഞ്ഞ് അവ മടക്കണം.
ജില്ലയില്‍ കശുമാവ് കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ പഞ്ചായത്തിലും കൂടുതല്‍ ഭൂമിയില്‍ കൃഷി വ്യാപിക്കണം. ഹൈടെക് കൃഷി പദ്ധതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. ജില്ലയില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ ഉടന്‍ നടപടി എടുക്കും. കൃഷി ഓഫീസില്‍ 22 പേരെ ഈ ആഴ്ച തന്നെ നിയമിക്കും. ജില്ലയില്‍ പരമാവധി മലബാര്‍ മേഖലക്കാരെ തന്നെ നിയമിക്കും.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ സ്വാഗതവും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ് നന്ദിയും പറഞ്ഞു.
Keywords: Minister K.P Mohan, Drinking water, Kasaragod