NH Work | സർവീസ് റോഡിലെ ഓവുചാൽ നിർമാണം പാതിവഴിയിൽ; വെള്ളം ഒഴുകുന്നത് ഇടവഴിയിലേക്ക്; വിദ്യാർഥികൾ അടക്കമുള്ളവർക്ക് ദുരിതം
മൊഗ്രാൽ: (KasargodVartha) പാതിവഴിയിലായ ഓവുചാൽ നിർമാണത്തിന്റെ കെടുതി അനുഭവിക്കുന്നത് മൊഗ്രാൽ ടിവിഎസ് റോഡിലെ വിദ്യാർഥികൾ. മഴ കനത്തതോടെയാണ് ദേശീയപാത സർവീസ് റോഡിലെ ഓവുചാലിൽ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാർഥികൾ അടക്കമുള്ളവർ ദുരിതത്തിലായത്.
സർവീസ് റോഡിന് സമീപം ടിവിഎസ് ലിങ്ക് റോഡ് ഉള്ളതിനാൽ ഈ ഭാഗത്ത് ഓവുചാൽ നിർമാണം പൂർത്തീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന മഴവെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകാൻ തുടങ്ങിയത്. റോഡിൽ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ ദുരിതമായി മാറിയെന്ന് പ്രദേശവാസിയായ ദേശീയ വേദി എക്സിക്യൂടീവ് അംഗം മുഹമ്മദ് അശ്റഫ് പറയുന്നു. വിഷയത്തിൽ നിർമാണ കംപനി അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നാണാവശ്യം.
അതിനിടെ ടിവിഎസ് ലിങ്ക് റോഡിൽനിന്ന് സർവീസ് റോഡിലേക്ക് കയറാനുള്ള പലക ദ്രവിച്ചു തകർന്നു കിടക്കുന്നതും വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സർവീസ് റോഡിൽ ഓവുചാൽ സൗകര്യം ഒരുക്കാത്തതിനാൽ സമാന രീതിയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി ഇടറോഡുകൾ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ട്.