Award | 13 ഇനം കവുങ്ങുകളെ സംരക്ഷിക്കുന്നു; വയലും വീടും ഹരിത പുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന്
● 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
● സസ്യശാസ്ത്രത്തില്‍ ബിരുദവും ആല്‍ഗന്‍ ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റും നേടി.
● സംരക്ഷിത വനത്തില്‍ വംശനാശ ഭീഷണിയിലുള്ള മരങ്ങള്‍ പരിപാലിക്കുന്നു.
കാസര്‍കോട്: (KasargodVartha) പുല്ലൂര്‍-പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലും വീടും കൂട്ടായ്മയുടെ വയലും വീടും ഹരിത പുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരിയണ്ണിക്ക് സമീപത്തെ ഓലത്തുകയയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ശാസ്ത്രലോകത്ത് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ സന്തോഷിന്റെ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആല്‍ഗകള്‍ ഉപയോഗിച്ച് കൊണ്ടുള്ള ജലത്തിലെ മാലിന്യ നിര്‍മാര്‍ജനവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിനെ നീക്കം ചെയ്യലും' എന്ന പ്രത്യേക വിഷയത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സന്തോഷ് കൂക്കള്‍, ബയോ ഡീസല്‍ ഉല്‍പാദന ഗവേഷണരംഗത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദവും പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. 2017ല്‍ എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ആല്‍ഗന്‍ ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി. 13 ഇനം കവുങ്ങുകളെ സംരക്ഷിക്കുന്നതിനോടൊപ്പം കാര്‍ഷിക മേഖലയിലെ സന്തോഷിന്റെ ഇടപെടലും ശ്രദ്ധേയമാണ്.
1999 മുതല്‍ വീടിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ സംരക്ഷിത വനത്തില്‍ വംശനാശ ഭീഷണിയിലുള്ള നിരവധി വൃക്ഷങ്ങളെ നട്ട് പരിപാലിച്ച് വരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാല കൃഷ്ണന്‍, ഡോ. കെ ചന്ദ്രന്‍, പ്രിന്‍സിപല്‍ സയന്റിസ്റ്റ് ആന്റ് ഫോര്‍മര്‍ ഹെഡ് ഐസിഎആര്‍ കണ്ണൂര്‍, ജിനോം സേവര്‍ രവീന്ദ്രന്‍ കൊടക്കാട് എന്നിവരാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 22ന് പെരിയ ആയമ്പാറയില്‍ നടക്കുന്ന വയലും വീടും ഹരിത സംഗമത്തില്‍ ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ സമ്മാനിക്കും. തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വയലും വീടും കുടുംബാംഗം പത്മശ്രീ സത്യനാരായണ ബളേരി, മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയ ബാലന്‍ കുന്നുമ്മല്‍ എന്നിവരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജൂറി കമിറ്റി ചെയര്‍മാന്‍ ഡോ. കെ ചന്ദ്രന്‍, വയലും വീടും ഭാരവാഹികളായ ജനാര്‍ദനന്‍ പാണൂര്‍, കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, എ ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
#environmental science, #algalbiotechnology, #biodiversity, #Kerala, #award, #recognition, #research, #VayalumVeedum