ഡോ. ജയരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പിച്ചു; പ്രതീക്ഷയോടെ ദുരിതബാധിതര്‍
Mar 13, 2013, 17:27 IST
| File photo |
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മാനസിക വൈകല്യം നേരിടുന്നവര്‍ക്ക് ശാസ്ത്രീയപരമായ പുനരധിവാസം നടപ്പിലാക്കണമെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങള്‍, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവ അടക്കമുള്ള 169-ഓളം ശുപാര്‍ശകളാണ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പിച്ചത്.
ഓട്ടിസം, പഠന വൈകല്യങ്ങള്‍, ശൈശവ മനോരോഗം, സെറിബ്രല്‍ പാള്‍സി തുടങ്ങിയവയാണ് ഇവരില്‍ കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മാനസിക, ശാരീരിക വൈകല്യമുള്ളവര്‍ ധാരാളമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, ഡോ. എം.കെ. മുനീര്‍ തുടങ്ങിയവര്‍ പഞ്ചായത്തിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തിരുവനന്തപുരം സി.എച്ച്. മുഹമ്മദ് കോയ റീഹാബിലിറ്റേഷന്‍ സെന്ററിലെ ഡോ. ജയരാജനെ കമ്മീഷനായി നിയമിച്ചത്.
കാസര്‍കോട് ജില്ലയില്‍ സി.എച്ച്. മുഹമ്മദ് കോയ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഒരു കേന്ദ്രം ആരംഭിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 26 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉള്‍പെടെയുള്ള മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസവും ചികിത്സയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപോര്‍ട്ട് ചര്‍ച ചെയ്ത് തീരുമാനിക്കുമെന്ന് ഡോ. ജയരാജന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന് മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കുമാണ് കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ചത്. നിശ്ചിത കാലാവധിക്കുള്ളില്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ചത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഡോ. ജയരാജന്‍ കമ്മീഷന്‍ മറ്റു കമ്മീഷനുകള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിപോര്‍ട്ട് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിരവധി പേരാണ് ശാരീരിക ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് വേണ്ടി ആറ് കോടിയോളം രൂപയുടെ പദ്ധതി എന്‍.പി.ആര്‍.പി.ഡി. മുഖേന നടപ്പിലാക്കാന്‍ സര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ദുരിത ബാധിതരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പെടുത്തി ബി.പി.എല്‍. റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി ഒന്നാം ഘട്ട ലിസ്റ്റ് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീറിന് പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍, മാഹിന്‍ കുന്നില്‍, മുജീബ് കമ്പാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കി.
മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജി എന്നിവര്‍ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവരെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചു.
Keywords: Dr.Jayarajan commission, Report, Submit, Government, Mogral Puthur, Endosulfan victims, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






