Honor | ഡോ. ജമാല്‍ അഹ്‌മദിന് മികച്ച ഡോക്ടര്‍ക്കുള്ള കെജിഎംഒഎയുടെ പുരസ്‌കാരം
● വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച സേവനങ്ങൾക്ക് അംഗീകാരം.
● രോഗി സൗഹൃദ ആശുപത്രികൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക്.
കാസര്‍കോട്: (KasaragodVartha) ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദ് കെജിഎംഒഎയുടെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാനതലത്തിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ആരോഗ്യ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹം നടത്തിയ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ജനുവരി 19-ന് കോട്ടയം കുമരകത്ത് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.
നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട്, വയനാട് ജില്ല ഡെപ്യൂട്ടി ഡിഎംഒ, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നീ നിലകളിലും ഡോ. ജമാല്‍ അഹ്‌മദ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, കുമ്പള സി.എച്ച്.സി, മൊഗ്രാല്‍പുത്തൂര്‍, പുത്തിഗെ പി.എച്ച്.സി. എന്നിവിടങ്ങളിലും മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മംഗൽപാടി, നീലേശ്വരം ഉൾപ്പെടെ അദ്ദേഹം സേവനമനുഷ്ഠിച്ച എല്ലാ സ്ഥാപനങ്ങളിലും രോഗി സൗഹൃദ ആശുപത്രിയാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും അതിൽ ഒരു പരിധി വരെ വിജയം കൈവരിക്കുകയും ചെയ്തു. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിക്കുകയും ആ കൂട്ടായ്മയുടെ ശ്രമഫലമായി മൂന്ന് പ്രാവശ്യം തുടർച്ചയായി കായകൽപം അവാർഡ് നേടുകയും ചെയ്തു.
എം ആർ വാക്സിനേഷൻ കാമ്പയിനിലും കോവിഡ് മഹാമാരിക്കാലത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഡോക്ടർ കാഴ്ചവെച്ചത്. ഈ കാലഘട്ടത്തിലെ സേവനങ്ങൾ പരിഗണിച്ച് പി എൻ പണിക്കർ അവാർഡും ഐഎംഎ, ഐഎപി, കെജിഎംഒഎ തുടങ്ങിയ സംഘടനകളുടെ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കുമ്പളയിൽ ജോലി ചെയ്യുമ്പോൾ ആർ.എൻ.ടി.സി.പി.-യിൽ നടത്തിയ മികച്ച സേവനത്തിന് ജില്ലാതല അവാർഡും അദ്ദേഹത്തെ തേടിയെത്തി.
കാസർകോട് ജനറൽ ആശുപത്രിയിലെ സേവന കാലയളവിൽ രണ്ട് പ്രാവശ്യം കായകൽപം അവാർഡും 88 പോയിന്റോടുകൂടി എംബിഎഫ്എച്ച്ഐ സർട്ടിഫിക്കറ്റും കാസർകോട് ജനറൽ ആശുപത്രിക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2007 മുതൽ 2024 വരെ തുടർച്ചയായി കെജിഎംഒഎയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് ഡോ. ജമാൽ അഹ്‌മദ്. സംഘടനയുടെ ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന ട്രഷറർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാനങ്ങളും അദ്ദേഹം പലതവണ വഹിച്ചിട്ടുണ്ട്.
#KGMOA #KeralaHealth #doctoraward #DrJamalAhmed #Kasaragod #healthcare #medicalofficer #publichealth