IPS Training | ഡോ. അപർണ, ഐപിഎസ് ട്രെയിനിങിന്റെ ഭാഗമായി ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹൗസ് ഓഫീസറായി ചുമതലയേറ്റു

● മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ
● കോവിഡ് കാലത്ത് ജനകീയ ഡോക്ടർ എന്ന പേര് നേടി
● കേരള കേഡർ ഐപിഎസ് ബാച്ചിലാണ് പരിശീലനം
● ഹൈദരാബാദ് ബാച്ചിൽ മികച്ച പ്രകടനം നടത്തിയ ആദ്യത്തെ 10 പേരിൽ ഒരാൾ
ബേക്കൽ: (KasargodVartha) ഐപിഎസ് ട്രെയിനിങിന്റെ ഭാഗമായി മലപ്പുറം സ്വദേശിനി ഡോ. അപർണ ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹൗസ് ഓഫീസറായി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായാണ് മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസിലെ പാർവണം ഹൗസിലെ അപർണ. ഹൈദരബാദിൽ ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായാണ് മൂന്ന് മാസക്കാലം ബേക്കലിൽ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുക. തിങ്കളാഴ്ചയാണ് ചുമതലയേറ്റത്.
കുറച്ച് ഭിവസം കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്തും പൊലീസ് സ്റ്റേഷനിലും എത്തി പൊലീസ് സേനയുടെ താഴെ തട്ട് മുതൽ മുകൾതട്ട് വരെ നടക്കുന്ന കാര്യങ്ങൾ പഠിച്ച ശേഷമാണ് ബേക്കലിൽ പൊലീസ് സ്റ്റേഷൻ്റെ പൂർണ ചുമതല വഹിക്കുന്നത്. ഇൻസ്പെക്ടർ ചുമതലയിൽ കെ പി ഷൈനും പ്രവർത്തിക്കും. . ഒന്നാം ക്ലാസ് മുതൽ പത്ത് വരെ എം എസ് പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം.
എം എസ് പി ഹയർ സെകൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ മെഡികൽ എൻട്രൻസ് ടെസ്റ്റ് പാസായി പാലക്കാട് ഗവ. മെഡികൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസായി 2020 ലാണ് ഡോക്ടറായി പുറത്തിറങ്ങിയത്. കോവിഡ് കാലത്ത് മലപ്പുറത്ത് സേവനം അനുഷ്ഠിച്ച് ജനകീയ ഡോക്ടർ എന്ന പേരും അപർണ സവാദിച്ചിരുന്നു.
ഇതിനിടെയിൽ തന്നെയാണ് ഐപിഎസ് മോഹം ഉദിച്ച് ഡൽഹിയിലെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂടിൽ ചേർന്ന് പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 475-ാം റാങ്ക് നേടി ഐപിഎസ് ട്രെയിനിങിന്റെ ഭാഗമായത്. മലപ്പുറം പൊലീസ് ഹെഡ്ക്വാർടേഴ്സ് എസ്ഐ ഓളക്കൽ അനിൽകുമാർ - ഒതുക്കുങ്ങൽ ഗവ. ഹയർ സെകൻഡറി സ്കൂൾ അധ്യാപിക കോട്ടയ്ക്കൽ ആമപ്പാറയിലെ കെ ഷീബ ദമ്പതികളുടെ മകളാണ് 27 കാരിയായ അപർണ.
കേരള കേഡർ ഐപിഎസ് ബാച്ചിലാണ് രണ്ട് വർഷത്തെ ട്രെയിനിംഗ് നടക്കുന്നത്. മൂന്ന് മാസത്തെ ബേക്കലിലെ സേവനത്തിന് ശേഷം ഹൈദരാബാദിലേക്ക് മടങ്ങി ഓഗസ്റ്റ് മാസത്തോടെ ഐപിഎസ് പദവിയിൻ നിയമിതയാകും. 207 പേർ അടങ്ങിയ ഹൈദരാബാദ് ബാച്ചിൽ മികച്ച പ്രകടനം നടത്തിയ ആദ്യത്തെ 10 പേരിൽ ഒരാളാണ് അപർണ.
ജമ്മു കാശ്മീരിൽ സൈനികർക്കൊപ്പവും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. എംഎസ് സി വിദ്യാർഥിനി മാളവിക ഇളയ സഹോദരിയാണ്. അവിവാഹിതയാണ്. ഐപിഎസ് പോസ്റ്റിംഗിന് ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തുക്കുന്നുള്ളൂവെന്ന് ഡോ. അപർണ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Dr. Aparna, the first female IPS officer from Malappuram, takes charge as House Officer at Bekal Police Station for IPS training as part of her civil services career.
#DrAparna #IPSTraining #FemaleIPSOfficer #BekalPolice #Malappuram #Kerala