city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി മുടങ്ങിയാല്‍ പകരം സംവിധാനം ഇല്ല; 50 വര്‍ഷം പഴക്കമുള്ള ലൈന്‍ മാറ്റണം

കാസര്‍കോട്: വൈദ്യുതി മുടങ്ങിയാല്‍ പകരം മറ്റൊരു ലൈനിലൂടെ വൈദ്യുതി എത്തിക്കാന്‍ സംവിധാനമില്ലെന്നും ഇതിന് ഡബfള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കണമെന്നും വൈദ്യുത ബോര്‍ഡ് എഞ്ചിനീയര്‍മാര്‍ ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗവണ്‍മെന്റ് നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. പി.പ്രഭാകരന്‍ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ കാസര്‍കോട് ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധികളെക്കുറിച്ച് വിശദീകരിച്ചു.

സംസ്ഥാനത്തെ 95 ശതമാനം നഗരങ്ങളിലും ഏതെങ്കിലും കാരണവശാല്‍ വൈദ്യുതി മുടങ്ങിയാല്‍ പകരം വൈദ്യുതി എത്തിക്കാന്‍ സംവിധാനങ്ങളുണ്ട്. ജില്ലയില്‍ നാല്‍പ്പതും അമ്പതും വര്‍ഷം മുമ്പ് വിലിച്ച അലുമിനിയം വൈദ്യുതി ലൈനുകളാണുള്ളത്. ഇവ ഇതിനകം പഴക്കംചെന്ന് പല സ്ഥലത്തും പൊട്ടിവീഴാറായ സ്ഥിതിയിലാണ്. സംസ്ഥാനത്ത് എവിടെയും ഇത്രയും പഴക്കം ചെന്ന ലൈനുകളില്ല. ഇവ പൂര്‍ണ്ണമായും മാറ്റാനുള്ള പദ്ധതി വേണമെന്നും അധികൃതര്‍ കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശം അവതരിപ്പിച്ചു. ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് കുറവായതിനാല്‍ നല്ല വോള്‍ട്ടേജോടുകൂടി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്നില്ല.

ജില്ലയില്‍ 4,22,000 വൈദ്യുതി കണക്ഷനുകളാണുള്ളത്. ഗുണഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കാന്‍ പഞ്ചായത്തുകള്‍തോറും സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങണം. നിലവില്‍ ജില്ലയില്‍ 26 സെക്ഷന്‍ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെയും, ലൈന്‍മാന്‍മാരുടെയും നിരവധി ഒഴിവുകള്‍ ജില്ലയിലുണ്ട്. അണ്ടര്‍ഗ്രൗണ്ട് കേബിളിലൂടെ വൈദ്യുതി വിതരണ പദ്ധതി ത്വരിതപ്പെടുത്തണം. ജില്ലയുടെ വൈദ്യുതി ഓഫീസുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനപ്പെട്ട വൈദ്യുതി ഓഫീസുകള്‍ ഒരുകുടക്കീഴിലാക്കാന്‍ വിദ്യാനഗര്‍ സബ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് വൈദ്യുതി ഭവന്‍ നിര്‍മ്മിക്കണം.

രാജപുരത്ത് 110 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണം, കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും പ്രത്യേക സബ് സ്റ്റേഷനുകള്‍ വേണം. ആദൂര്‍ കുതിരച്ചാട്ടത്തില്‍ മിനി ജലവൈദ്യുത പദ്ധതി നടപ്പാക്കണം, ചീമേനി വൈദ്യുത പദ്ധതി നടപ്പാക്കണം, അനര്‍ട്ട് സര്‍വ്വെയിലൂടെ സാദ്ധ്യത കണ്ടെത്തിയ 60 മൈക്രോ ഹൈഡല്‍ പദ്ധതി നടപ്പാക്കണം, പൊസഡിഗുംപെയില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കണം, ഉക്കിനടുക്കയില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപപിക്കാന്‍ കഴിയുന്ന സൗരോര്‍ജ്ജ വൈദ്യുത യൂണിറ്റ് സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.

ജില്ലയില്‍ ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കാന്‍ പുഴകളിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഉപ്പുരസം കലര്‍ന്ന വെള്ളം നല്‍കുന്നത് ഒഴിവാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. കാസര്‍കോട് കുടിവെള്ള പൈപ്പ് ലൈന്‍ പഴകിയതും 30 ശതമാനത്തോളം വെള്ളം ചോര്‍ന്നുപോകുകയും ചെയ്യുന്നുണ്ട്. പഴകിയ പൈപ്പ് ലൈന്‍ മാറ്റി പുതിയത് സ്ഥാപിക്കണം. കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികള്‍ക്ക് മേജര്‍ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കണം. കാസര്‍കോട് നഗരസഭയിലും, സമീപ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ബാവിക്കര പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം പയസ്വിനി പുഴയ്ക്ക് പാണ്ടിക്കണ്ടത്തും റഗുലേറ്റര്‍ നിര്‍മ്മിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണം. പാണ്ടിക്കണ്ടം പദ്ധതിക്ക് 17.35 കോടി രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കുടിവെള്ള ജലസ്രോതസ്സുകള്‍ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസവും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടണം.

ജൈവജില്ലയായ കാസര്‍കോട് കര്‍ഷകര്‍ക്കായി ജൈവവളത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കണം. 56,000 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഹൈബ്രിഡ് ഇനങ്ങള്‍ കൃഷിചെയ്യുന്നില്ല. ഹൈബ്രിഡ് തെങ്ങ്, കവുങ്ങ് കൃഷിക്ക് പ്രോത്സാഹനം നല്‍കണം. കാര്‍ഷിക കോളേജ്, സി.പി.സി.ആര്‍.ഐ, കൃഷി വകുപ്പ് എന്നിവ സംയുക്തമായി ജില്ലയ്ക്കാവശ്യമായ വിത്ത്, വളം, കീടനാശിനി എന്നിവയടങ്ങിയ പാക്കേജ് തയ്യാറാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണം.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളത്തിനായി നല്‍കുന്ന മണ്ണെണ്ണ ഒരാഴ്ചയ്ക്ക് പോലും മതിയാകാത്ത സ്ഥിതിയാണുള്ളത്. മണ്ണെണ്ണ ലഭ്യമാക്കുന്നതോടൊപ്പം അവര്‍ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ വേതനം ലഭ്യമാക്കണം. ഫിഷിംഗ് ഹാര്‍ബറുകളുടെ പ്രവൃത്തി കാര്യക്ഷമമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.

നീലേശ്വരം എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയിറക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്നും അധികൃതര്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചു. ദിവസം 427 ലോഡുകള്‍ കയറ്റുന്ന ഗോഡൗണില്‍ നിലവിലുള്ള തൊഴിലാളികളുടെ എണ്ണം പരിമിതമാണ്. വാഗണുകള്‍ വന്നാല്‍ സമയബന്ധിതമായി സാധനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. റേഷന്‍ കടക്കാര്‍ക്കും ആവശ്യത്തിന് ലോഡിംഗ് നല്‍കുന്നതിന് തടസ്സം നേരിടുന്നുണ്ട്. ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളില്‍ കൂടി സപ്ലൈകോ ഷാപ്പുകള്‍ തുടങ്ങണം.

എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജിന് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തണം, ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ക്ലാസ്‌റൂം സൗകര്യം വിപുലപ്പെടുത്തണം. ഇപ്പോള്‍ 20 കുട്ടികള്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ള ക്ലാസ് മുറികളിലാണ് 60 കുട്ടികളെ ഇരുത്തിപ്പഠിപ്പിക്കുന്നത്. ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സ്ഥിരം അധ്യാപകരെ നിയമിക്കണം. ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ക്ക് പ്രത്യേക ഓഫീസ് അനുവദിക്കണം, കാസര്‍കോട് ഗവ.കോളേജില്‍ ഡിഗ്രി ക്ലാസില്‍ 600 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം, സ്ഥിരം ലക്ചറര്‍മാരെ നിയമിക്കണം, പി.ജി. റിസര്‍ച്ച് ബ്ലോക്ക് നിര്‍മ്മിക്കണം, കോളേജിന്റെ 30 ഏക്കര്‍ സ്ഥലം സംരക്ഷിക്കാന്‍ നടപടി വേണം, ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് റിപ്പയറിന് സമര്‍പ്പിച്ച പദ്ധതി നടപ്പാക്കണം, ജില്ലയിലെ ഹൈസ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം, ഡയറ്റടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടി ലാബ്, ലൈബ്രറി തുടങ്ങണം, 13 ആര്‍.എം.എസ് സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കണം, 58 മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്ററുകള്‍ അപ്‌ഗ്രേഡ് ചെയ്യണം, ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണം, കന്നട പഠിക്കുന്നവര്‍ക്ക് പാഠപുസ്തകങ്ങളും, മറ്റു സൗകര്യങ്ങളുമൊരുക്കണം എന്നീ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ വികസനത്തിന് പ്രത്യേക പദ്ധതി വേണം, പട്ടികജാതിക്കാരുടെ ശ്മശാന ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സബ് കളക്ടര്‍ പി.ബാലകിരണ്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, കാര്‍ഷിക കോളേജ്, സി.പി.സി.ആര്‍.ഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Double circuit line, Kasaragod, Electricity engineer, Prabhakaran Commission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia