Dog Menace | പെറ്റുപെരുകി സ്കൂൾ മൈതാനത്ത് നായ്ക്കൂട്ടങ്ങൾ; വിദ്യാർഥികൾക്ക് ഭീഷണി
● നായ്ക്കളുടെ കടിയേറ്റാൽ മാത്രമേ വാർത്തയാകാറുള്ളൂവെന്നതാണ് യാഥാർത്ഥ്യം.
● തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്നു ഗതാഗത പ്രശ്‌നങ്ങൾ
● നായശല്യം പരിഹരിക്കാൻ ഇതുവരെ ശാശ്വതമായ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ല.
മൊഗ്രാൽ: (KasargodVartha) സ്കൂൾ മൈതാനവും, പവലിയൻ കെട്ടിടവും നായക്കൂട്ടങ്ങളുടെ സുഖവാസ കേന്ദ്രമായി മാറി. പവലിയൻ കെട്ടിടത്തിനുള്ളിൽ നായ്ക്കൾ പെറ്റു പെരുകി കൂട്ടത്തോടെ മൈതാനത്തിറങ്ങുന്നത് സ്കൂൾ-മദ്രസ വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ടുണ്ട്.
മൊഗ്രാൽ ടൗണിലും നായ്ക്കൂട്ടങ്ങളുടെ ശല്യം രൂക്ഷമാണ്. സർവീസ് റോഡുകളിൽ തമ്പടിച്ച് കിടക്കുന്ന നായ്ക്കൾ ഇരുചക്ര വാഹനക്കാർക്ക് നേരെ ചാടി വീഴുന്നതും, ആക്രമിക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാൽനടയാത്രക്കാരായ സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും നായ്ക്കൂട്ടങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. പലപ്പോഴും നായ്ക്കൂട്ടങ്ങൾ സ്ത്രീകൾക്കും വൃദ്ധ ജനങ്ങൾക്കു നേരെപോലും ചാടി വീഴുമ്പോൾ ആക്രമണം തടയാനും അവർക്കാവുന്നില്ല. ചെറിയ കുട്ടികളുടെയും അവസ്ഥ ഇതുതന്നെ. നാട്ടുകാരാണ് പലപ്പോഴും ഇടപെട്ട് നായ്ക്കളെ ഓടിക്കുന്നത്.
നായ്ക്കളുടെ കടിയേറ്റാൽ മാത്രമേ വാർത്തയാകാറുള്ളൂവെന്നതാണ് യാഥാർത്ഥ്യം. അധികൃതരുടെ ഇടപെടലുകൾ പലപ്പോഴും പാതിവഴിയിൽ നിലയ്ക്കുകയും പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു. നായ ശല്യം തടയാനുള്ള പദ്ധതികളൊന്നും ഇപ്പോൾ പ്രാബല്യത്തിൽ ഇല്ല. വന്ധ്യംകരണം, എബിസി പദ്ധതികൾ തുടങ്ങിയവ പൂർണമായും നിലച്ചിരിക്കുകയാണ്. .
നായശല്യം പരിഹരിക്കാൻ ഇതുവരെ ശാശ്വതമായ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, ‘പൂച്ചയ്ക്കാരു മണികെട്ടും' എന്നത് തർക്ക വിഷയമാണ്. ഇത് സംബന്ധിച്ച് വ്യാപകമായ തർക്കങ്ങളുണ്ട്.
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളൊക്കെ നായ വളർത്തൽ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ എന്തിനേറെ സിവിസ്റ്റേഷൻ, ഇവിടങ്ങളിലൊക്കെ പൊതുജനങ്ങളെ സ്വീകരിക്കാനെത്തുന്നത് നായ്ക്കൂട്ടങ്ങ്ഹ്ഗളാണ്. നടപടി സ്വീകരിക്കേണ്ട അതികൃതർക്കാകട്ടെ മിണ്ടാട്ടവുമില്ല.
#StrayDogs #PublicSafety #Mogral #DogPacks #StudentProtection #TrafficDisruption