ഭ്രാന്തന്‍നായ്ക്കളുടെ വിളയാട്ടം;സ്ത്രീകളടക്കം 20 പേര്‍ ആശുപത്രിയില്‍
Jun 5, 2012, 16:24 IST
ഒടയംചാല്‍: ഒടയംചാലിലും പരിസരങ്ങളിലും ഭ്രാന്തന്‍നായ്ക്കളുടെ വിളയാട്ടം രൂക്ഷമാകുന്നു. ഒടയംചാല്‍, അരിയളം ഭാഗങ്ങളിലാണ് പേപ്പട്ടികള്‍ ജനജീവിതത്തിന് ഭീഷണിയായിരിക്കുന്നത്. തിങ്കളാഴ്ച സ്ത്രീകളും കുട്ടികളും അടക്കം 20 ഓളം പേര്‍ക്ക് ഭ്രാന്തന്‍നായ്ക്കളുടെ കടിയേറ്റു.
അരിയളത്തെ വി തമ്പായി, ചിരുത, മണി, ബാലു, ഭാര്യ ശാന്ത, ഉണ്ടച്ചി, നാരായണി തുടങ്ങി 20 ഓളം പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അരിയളത്തെ ടി ഗോപിയുടെ മൂന്നു പശുക്കളെ ഭ്രാന്തന്‍ നായ കടിച്ചു. ഇതില്‍ പേയിളകിയ ഒരു പശുവിനെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നാട്ടുകാര്‍ തല്ലിക്കൊന്നു. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാവുകയാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളെ നായ്ക്കള്‍ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
അലഞ്ഞ് തിരിയുന്ന നായ്ക്കളെ നശിപ്പിക്കാന്‍ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായും നടപടിയൊന്നുമുണ്ടായിട്ടില്ല. നിരവധി വളര്‍ത്ത് മൃഗങ്ങളാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളായത്. ഒടയംചാലിലെ കുറ്റിക്കാടുകള്‍ കുറുനരികളുടെയും ഭ്രാന്തന്‍കുറുക്കന്‍മാരുടെയും താവളങ്ങളാണ്. നായ്ക്കള്‍ക്കുപുറമെ പേയിളകിയ കുറുക്കന്‍മാരും വഴിയാത്രക്കാര്‍ക്ക് ഭീഷണിയാണ്.
Keywords: Odayanchal, Street dog, Kasaragod, Hospital