Protest | കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു; കാസർകോട് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ഒ പി പ്രവർത്തിക്കില്ല
ആശുപത്രികളിൽ സുരക്ഷിതമായ ജോലി സാഹചര്യം ഉണ്ടാക്കണമെന്നും നിർഭയമായി രോഗികൾക്ക് ചികിത്സ തേടാൻ കഴിയണമെന്നും ആവശ്യം
കാസർകോട്: (KasargodVartha) കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയായ വനിത ഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിലും പിന്നീട് ഒരുസംഘം, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ അക്രമിക്കുകയും ആശുപത്രി അടിച്ചുതകർക്കുകയും ചെയ്തതിലും പ്രതിഷേധിച്ച് കെ ജി എം ഒ എ സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനം ആചരിച്ചു.
കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഡോ. ജമാൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് എസ്, ഡോ. സുനിൽ ചന്ദ്രൻ, ഡോ. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രികളിൽ സുരക്ഷിതമായ ജോലി സാഹചര്യം ഉണ്ടാക്കണമെന്നും നിർഭയമായി രോഗികൾക്ക് ചികിത്സ തേടാൻ കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോ. ജീജ എൻ പി, ഡോ. രാജു മാത്യു സിറിയക് എന്നിവർ സംസാരിച്ചു.
കൊൽക്കത്തയിലെ സംഭവത്തിൽ ഐഎംഎയുടെ ആഹ്വാന പ്രകാരം ഡോക്ടർമാർ സമരത്തിലായതിനാൽ കാസർകോട് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച (ഓഗസ്റ്റ് 17) സ്പെഷ്യലിറ്റി ഒപി, ജനറൽ ഒപി, ഫിവർ ഒപി ഉണ്ടായിരിക്കുന്നതല്ല. അടിയന്തര ചികിത്സ ആവശ്യമുള്ള കേസുകൾക്ക് മാത്രമേ ശനിയാഴ്ച ചികിത്സ ലഭിക്കുകയുള്ളൂ.