Protest | കാസർകോട്ട് ഓഗസ്റ്റ് 17ന് ശനിയാഴ്ച സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ഒ പിയും ക്ലിനിക്കുകളും പ്രവർത്തിക്കില്ല; 24 മണിക്കൂർ പണിമുടക്കുമായി ഡോക്ടർമാർ
കൊൽക്കത്തയിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം
കാസർകോട്: (KasargodVartha) കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിലെ ഡോക്ടർമാർ ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണി വരെ ജോലിയിൽ നിന്ന് വിട്ടു നിൽക്കും. ഐഎംഎ ദേശീയ ഘടകത്തിന്റെ ആഹ്വാന പ്രകാരമാണ് ഈ പ്രതിഷേധം.
കൊൽക്കത്തയിലെ സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച ഡോക്ടർമാരെ ഒരുസംഘം ആക്രമിച്ചതും ആശുപത്രി തകർത്തതും ഡോക്ടർമാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ പരിസ്ഥിതി ഉറപ്പാക്കണമെന്നും കൊൽക്കത്ത സംഭവത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ പ്രതിഷേധം.
ശനിയാഴ്ച സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളും സ്വകാര്യ ക്ലിനിക്കുകളും പ്രവർത്തിക്കില്ല. കാഷ്വാലിറ്റി മാത്രമേ പ്രവർത്തിക്കുകയുള്ളൂ. പണിമുടക്കുന്ന ഡോക്ടർമാർ രാവിലെ പത്തര മണിക്ക് കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ധർണയും പ്രതിഷേധ റാലിയും നടത്തും.
ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും സുരക്ഷിതമായി ജോലി ചെയ്യാനും രോഗികൾക്ക് സുരക്ഷിതമായി ചികിത്സ തേടാനും ആശുപത്രികളിലെ അക്രമണങ്ങൾ അവസാനിപ്പിക്കാനുമുള്ള ഈ ധർമ്മ സമരത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുന്നതായി ഐഎംഎ കാസർകോട് ജില്ലാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ദീപികാ കിഷോർ, കൺവീനർ ഡോ. ബി നാരായണ നായ്ക് എന്നിവർ അറിയിച്ചു.
#KasaragodDoctorsStrike #KolkataIncident #JusticeForDoctors #Healthcare #Safety #Protest