Complaint | ജില്ലാ സ്‌കൂൾ കലോത്സവം: കോൽക്കളിയിൽ പ്രധാന ഉപാധിയായ 'കോൽ' തെറിച്ചുപോയ ടീമിന് ഒന്നാം സ്ഥാനം നൽകിയെന്ന് ഡിഡിഇക്ക് പരാതി
● വീഡിയോയും ശബ്ദ സന്ദേശവും അടക്കമുള്ള തെളിവ് സഹിതമാണ് പരാതി നൽകിയത്.
● കോൽക്കളിയിൽ കോൽ തെറിച്ചാൽ ആ ടീമിന് അയോഗ്യത കൽപ്പിക്കണം എന്നാണ് നിയമമെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
● ഉദിനൂർ സെൻട്രൽ സ്കൂളിലെ വേദി മൂന്നിൽ ആയിരുന്നു കോൽക്കളി മത്സരം നടന്നത്.
ഉദിനുർ: (KasargodVartha) ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ പ്രധാന ഉപാധിയായ 'കോൽ' തെറിച്ചു പോയ ടീമിന് ഒന്നാം സ്ഥാനം നൽകി ആതിഥേയ ടീമിനെ തോൽപിച്ചതായി പരാതി. ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ കോലില്ലാതെ കളിച്ചിട്ടും വെള്ളിക്കോത്ത് സ്കൂളിന് ഒന്നാം സ്ഥാനം നൽകിയെന്നാരോപിച്ച് ടീം ലീഡർ മുഹമ്മദ് ഇമ്രാന്റെയും പരിശീലകൻ ഖാലിദ് ഗുരുക്കളുടെയും നേതൃത്വത്തിൽ ഉദിനൂർ ഗവ. ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥികൾ ഡിഡിഇ ടി വി മധുസൂദനനെ നേരിൽ കണ്ട് പരാതി നൽകി.
വീഡിയോയും ശബ്ദ സന്ദേശവും അടക്കമുള്ള തെളിവ് സഹിതമാണ് പരാതി നൽകിയത്. ഇക്കാര്യം ബോധ്യപ്പെട്ട ഡിഡിഇ പരിശോധിക്കാമെന്ന് ഉറപ്പ് നൽകി. കോൽക്കളിയിൽ കോൽ തെറിച്ചാൽ ആ ടീമിന് അയോഗ്യത കൽപ്പിക്കണം എന്നാണ് നിയമമെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
കോലടക്കം, വഴക്കം, കോറസ് പാട്ട് എന്നിവയിലും അഭംഗിയുണ്ടായ ടീമിനെ ജയിപ്പിച്ചത് ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ വിധികർത്താക്കളുടെ അടുത്തേക്ക് വിടാതെ കുട്ടികളെ പൊലീസ് തടഞ്ഞിരുന്നുവെന്നും ഇവർ പറയുന്നു. ഉദിനൂർ സെൻട്രൽ സ്കൂളിലെ വേദി മൂന്നിൽ ആയിരുന്നു കോൽക്കളി മത്സരം നടന്നത്.
#DistrictSchoolFest, #Kollamkali, #UnfairWin, #Kasargod, #StudentProtest, #Education