Inspection | മഴക്കെടുതി: മഞ്ചേശ്വരം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ച് കലക്ടർ
ബാഡൂർ വില്ലേജിലെ അംഗടിമൊഗറിൽ മലയോര ഹൈവേയിൽ കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണ പ്രദേശവും കലക്ടർ സന്ദർശിച്ചു
മഞ്ചേശ്വരം: (KasargodVartha) കൊഡ്‌ല മൊഗറു വില്ലേജിൽ കെജേർ പദവിൽ ഭൂമി വിണ്ട് കീറിയ പ്രദേശം ജില്ലാ കലക്ടർ കെ ഇമ്പശേഖർ സന്ദർശിച്ചു. ഭൂമി വിണ്ടു കീറിയത് അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.
കൊഡ്‌ല മൊഗറുവിലെ കുന്നിടിച്ചിൽ ഉണ്ടായ സ്ഥലവും കളക്ടർ സന്ദർശിച്ചു. പ്രദേശത്തെ ആറ് വീട്ടുകാർക്ക് മാറി താമസിക്കാൻ നിർദേശം നൽകി. ഇവർക്ക് കാലാവസ്ഥ അനുകൂലമായാൽ തിരികെ എത്തി താമസിക്കാം. ബാഡൂർ വില്ലേജിലെ അംഗടിമൊഗറിൽ മലയോര ഹൈവേയിൽ കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണ പ്രദേശവും കലക്ടർ സന്ദർശിച്ചു.
ഇവിടെ സ്കൂളിനോട് ചേർന്നുണ്ടായ മണ്ണിടിച്ചിൽ വിദ്യാർത്ഥികൾ വരുന്ന റോഡിനും ഭീഷണിയാണ്. പുതിയതായി നിർമ്മിച്ച ചേവാർ- പെർള റോഡിൽ അംഗടിമൊഗറിലാണ് കുന്നിടിഞ്ഞത്. വിഷയത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി, തഹസിൽദാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, സ്കൂൾ ഹെഡ് മാസ്റ്റർ എന്നിവരുടെ യോഗം ചേരും.