Study crisis | കച്ചമുറുക്കി പിടിഎ, ആവശ്യമായ ഫര്‍ണിചറുകള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്; മൊഗ്രാൽ സ്‌കൂളിലെ പഠന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ
ജില്ലാ പഞ്ചായത് മെമ്പർ ജമീലാ സിദ്ദീഖ് അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടു
കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത് മെമ്പർ ജമീലാ സിദ്ദീഖ് വിഷയത്തിൽ ഇടപെട്ടതോടെ മൊഗ്രാൽ വൊകേഷണൽ ഹയർസെകൻഡറി സ്കൂളിലെ ഹയർ സെകൻഡറി വിഭാഗത്തിലെ പഠന പ്രതിസന്ധിക്ക് അടുത്ത ആഴ്ചയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ.
ജമീലാ സിദ്ദീഖിന്റെ നേതൃത്വത്തിൽ പ്രിൻസിപൽ കെ അനിൽ, പിടിഎ അംഗം മുഹമ്മദ് പേരാൽ എന്നിവർ കലക്ടറെയും, ജില്ലാ പഞ്ചായത് പ്രസിഡണ്ടിനെയും നേരിൽകണ്ട് പ്രശ്നം അവതരിപ്പിക്കുകയും അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് റൂമിന് ആവശ്യമായ ബെഞ്ചും ഡസ്കും ഈ ആഴ്ചയോടെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉറപ്പുനൽകി.
കാല താമസമെടുക്കുംതോറും പഠനം മുടങ്ങുന്ന സാഹചര്യമാണ് മൊഗ്രാൽ ഹയർസെകൻഡറി സ്കൂളിലുള്ളതെന്ന് ജില്ലാ പഞ്ചായത് പ്രസിഡണ്ടിനെ ധരിപ്പിച്ചു. ഇതേ തുടർന്നാണ് ബേബി ബാലകൃഷ്ണൻ അടിയന്തര നടപടി സ്വീകരിച്ചത്. ബെഞ്ചും ഡസ്കും എത്തിക്കാൻ ബന്ധപ്പെട്ടവർക്ക് പ്രസിഡണ്ട് നിർദേശവും നൽകി.
സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കും
കാസര്‍കോട്: ജില്ലയിലെ കുട്ടികളുടെ എണ്ണം കൂടി അധിക ഡിവിഷനുകൾ ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകൾക്കും ജില്ലാ പഞ്ചായത്തിൻ്റെ മറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളുകൾക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കാന്‍ ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജൂണ്‍ ഏഴ് മുതല്‍ ഒന്‍പത് വരെ പിലിക്കോട് നടന്ന അരങ്ങ്, കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് രണ്ട് ലക്ഷം രൂപ നല്‍കും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സി ആം മെഷീന്‍ വാങ്ങിച്ചു നല്‍കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, എം. മനു, അംഗങ്ങളായ ജോമോന്‍ ജോസ്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ജമീല സിദ്ദിഖ് ദണ്ഡഗോളി, ഷെഫീഖ് റസാഖ്, ഗോള്‍ഡന്‍ അബ്ദുള്‍ഹ്‌മാന്‍, നാരായണ നായ്ക്, ശൈലജ ഭട്ട്, ഫാത്തിമത്ത് ഷംന ബി.എച്ച്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, എന്നിവര്‍ പങ്കെടുത്തു.