പരിയാരം മെഡിക്കല്‍ സംഘം ഒക്ടോബറില്‍ മൊഗ്രാല്‍പുത്തൂര്‍ സന്ദര്‍ശിക്കും: കലക്ടര്‍
Sep 2, 2012, 18:13 IST
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പരിഹാരം കാണുമന്ന് ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന് പറഞ്ഞു.
ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വ്വെ സെപ്തംബറോടെ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ ആദ്യവാരത്തോടെ പഞ്ചായത്തിലെ വൈകല്യത്തെ കുറിച്ച് പഠനം നടത്താന്‍ പരിയാരത്തെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തും.
തന്റെ സന്ദര്‍ശനത്തോടെ പഞ്ചായത്തിലെ വൈകല്യം നേരിടുന്നവരുടെ പ്രശ്നത്തിന്റെ ഗൗരവം മനസിലായെന്നും ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ചില വീടുകളിലെ കാഴ്ച കലക്ടറെ വേദനിപ്പിച്ചു. പെര്‍ണടുക്ക ഹരിജന്‍ കോളനിയിലെ ഗിരിജയുടെ ഒറ്റമുറി കൂരയില്‍ ദുരിതം അനുഭവിക്കുന്ന മകള്‍ ബബിതയെയും കലക്ടര്‍ സന്ദര്‍ശിച്ചു. 154 ഓളം മാനസിക വൈകല്യമുള്ളവരും അതിന്റെ നാലിരട്ടിയോളം ശാരീരിക വൈകല്യമുള്ളവരും പഞ്ചായത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍, വെസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എം. കായിഞ്ഞി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.കെ. ഷാഫി, ഉമൈറ, അബ്ദുല്‍ റഹ്മാന്, സുഹ്റ കരീം, മുജീബ് കമ്പാര്‍, സി.രാമകൃഷ്ണന്, മാഹിന്‍ കുന്നില്‍, പഞ്ചായത്ത് സെക്രട്ടറി എം.കണ്ണന് നായര്‍, കുഞ്ഞബ്ദുല്ല കൊളവയല്‍ കെ.ബി.കുഞ്ഞാമു, പി.എം.മുനീര്‍ ഹാജി, ബാലന് കാവില്‍ തുടങ്ങിയവര്‍ കലക്ടറോടൊപ്പമുണ്ടായിരുന്നു.
Keywords: Mogral Puthur, Collector V.N. Jithendran, Visit, Kasaragod