School Wall | സ്‌കൂള്‍ മതില്‍ നിര്‍മാണം വന്‍ വിവാദത്തില്‍; എതിര്‍ത്ത 2 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി; പി ടി എ കമിറ്റിയിലും പ്രതിഷേധമുയര്‍ന്നു
എല്‍പി സ്‌കൂളിന് മുന്നിലായി നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം
മേല്‍പറമ്പ്: (KasaragodVartha) സ്‌കൂളിന്റെ മുന്നിലായി മതില്‍ കെട്ടുന്നത് എതിര്‍ത്തതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകരായ രണ്ടുപേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന് ആക്ഷേപം. ചന്ദ്രഗിരി ജിഎല്‍പി സ്‌കൂളിന് മുന്നില്‍ നിര്‍മിക്കുന്ന മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ചന്ദ്രഗിരി എല്‍പി സ്‌കൂളും ഹൈസ്‌കൂളും ഹയര്‍ സെകൻഡറി സ്‌കൂളും ഒറ്റ വളപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍ മൈതാനമാണ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ കളിക്കാനായി ഉപയോഗിക്കുന്നത്.
ഇതിനിടയില്‍ കെടിപി തുകയിൽ നിന്ന് 1.56 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി 20 ശതമാനം കുറവിൽ 1.24 കോടി രൂപയ്ക്ക് എല്‍പിസ്‌കൂളിന് മുന്നിലായി ഹയര്‍ സെകൻഡറി വക ഇരുനിലകെട്ടിടം നിര്‍മിക്കുന്നതാണ് വിവാദമായത്. 200 ഓളം വരുന്ന കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂളിന് മുന്നിലായി കെട്ടിടം വരുന്നത് അംഗീക്കാന്‍ കഴിയില്ലെന്നും തുറസായ ഈ സ്ഥലം കുട്ടികള്‍ക്ക് ഓടിക്കളിക്കാനും മറ്റു ഉപകാരമുള്ളതാണെന്നുമാണ് എല്‍ പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് അശോകന്‍ പറയുന്നത്.
സ്‌കൂളിന്റെ തന്നെ കിണറിന്റെ ഭാഗത്ത് കെട്ടിടം മൂന്ന് നിലയില്‍ പണിയാന്‍ തത്വത്തില്‍ ധാരണയായിരുന്നുവെങ്കിലും എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടതുകൊണ്ട് എംഎല്‍എ അടക്കം കണ്ട് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ ഉടക്കിടുകയും തീരുമാനത്തെ ഏതുവിധേനയും മറികടക്കാന്‍ ശ്രമം തുടരുകയുമായിരുന്നു എന്നാണ് പരാതി.
പഴയ കെട്ടിടം പൊളിക്കുന്നതിനായി പഞ്ചായതില്‍ ഉപയോഗ്യശൂന്യമാണെന്നുള്ള അപേക്ഷ നല്‍കുന്നതിലും തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കിണറിന്റെ ഭാഗത്ത് രണ്ട് നിലയില്‍ കെട്ടിടം പണിയാന്‍ മൂന്ന് മീറ്റര്‍ നീളം കുറവുവരുന്നുണ്ട്. അതിനാലാണ് കെട്ടിടം മൂന്ന് നിലയിലാക്കി മാറ്റാന്‍ ധാരണയായത്. ഇതിന്റെ റീ എസ്റ്റിമേറ്റിനാണ് ചിലര്‍ തുരങ്കം വെക്കുന്നതെന്നാണ് ആക്ഷേപം. മതില്‍ നിര്‍മിക്കുന്നതിനെതിരെ പൂര്‍വ വിദ്യാർഥികളുടെ സംഘടനയടക്കം രംഗത്ത് വന്നിരുന്നു.
ആരോരുമറിയാതെ ഒരു സുപ്രഭാതത്തില്‍ മതില്‍ കെട്ടുന്നത് തടഞ്ഞതിന്റെ പേരിലാണ് പൊതു പ്രവര്‍ത്തകരായ അബ്ദുല്ല ഡോസറിനെതിരെയും ശംസീര്‍ കുന്നരിയത്തിനെതിരെയും ഹെഡ്മാസ്റ്റരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേല്‍പറമ്പ് പൊലീസ് കേസെടുത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവരിപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. വളപ്പിൽ അതിക്രമിച്ച് കയറി ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടനിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മതിലിന്റെ ഭാഗം പൊളിച്ചുനീക്കി 10,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പ്രധാനധ്യാപകൻ പരാതി നൽകിയത്. ഈ കേസാണിപ്പോൾ വിവാദമായിരിക്കുന്നത്.
സ്‌കൂളിന്റെ മുന്‍വശത്ത് തന്നെ കെട്ടിടം നിര്‍മിക്കണമെന്ന് ആര്‍ക്കാണ് വാശിയെന്നാണ് വിവിധ സംഘടനകളും എല്‍പി സ്‌കൂള്‍ പിടിഎ കമിറ്റിയും സ്റ്റാര്‍ ഹ്യൂമണ്‍ കെയര്‍ കമിറ്റിയും ചോദിക്കുന്നത്. ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ടെന്ന് സ്റ്റാര്‍ ഹ്യൂമണ്‍ കെയര്‍ കമിറ്റി പ്രസിഡണ്ട് അബ്ദുർ റഹ്‌മാന്‍ കല്ലട്ര പറഞ്ഞു.
എൽപി സ്‌കൂളിന് കൂടി കളിസ്ഥലം നിലനിർത്തുന്നതിനായി പ്രദേശവാസികളുടെ കൂട്ടായ്മയിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇതുമായി ബന്ധപ്പെട്ട അധികാരിക്ക് നിവേദനം നൽകുമെന്നും അബ്ദുല്ല ഡോസർ കാസർകോട് വാർത്തയോട് പറഞ്ഞു. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ, സ്‌കൂളുകൾക്ക് കളിസ്ഥലം നിലനിർത്തുന്നതിന് ഹൈകോടതി നേരത്തെ പൊതുവായി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.