Discussion | കാസർകോടിന്റെ കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ചാവേദിയൊരുക്കി; ചക്ക, കശുവണ്ടി തുടങ്ങിയ തദ്ദേശീയ വിഭവങ്ങളിൽ വലിയ അവസരങ്ങളെന്ന് ബിപിന്‍ മേനോന്‍
കയറ്റുമതി-ഇറക്കുമതി രംഗത്തുള്ളവര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും ഫിയോ അസി. ഡയറക്ടര്‍ എം സി രാജീവ് വിശദീകരിച്ചു
കാസര്‍കോട്: (KasaragodVartha) നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ), ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തില്‍ കയറ്റുമതി രംഗത്ത് കാസര്‍കോട് ജില്ലയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചാവേദിയൊരുക്കി.
നായ്‌മാർമൂല ടെക്കീസ് പാര്‍ക്കില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഫോറിന്‍ ട്രേഡ് ബിപിന്‍ മേനോന്‍ ഐ.ടി.എസ് വിഷയാവതരണം നടത്തി. വിവിധ രാജ്യങ്ങളുമായുള്ള ഫ്രീ ട്രേഡ് കരാറുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജില്ലയില്‍ സുലഭമായി ലഭിക്കുന്ന ചക്ക, കശുവണ്ടി തുടങ്ങിയ തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ വലിയ സാധ്യതകളുണ്ടെന്ന് ബിപിന്‍ മേനോന്‍ പറഞ്ഞു.
കയറ്റുമതി-ഇറക്കുമതി രംഗത്തുള്ളവര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും ഫിയോ അസി. ഡയറക്ടര്‍ രാജീവ് എം.സി വിശദീകരിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിച്ച വിവിധ നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും ഉന്നതതല സമിതിയില്‍ ഉന്നയിക്കുമെന്നും ബിപിന്‍ മേനോന്‍, രാജീവ് എം.സി എന്നിവര്‍ അറിയിച്ചു. എന്‍.എം.സി.സി ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് സ്വാഗതവും ജന. കണ്‍. പ്രസാദ് എം.എന്‍ നന്ദിയും പറഞ്ഞു.