പത്രം തൊട്ടാല്‍ അഴുക്കാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ല
Dec 17, 2012, 21:44 IST
കാസര്‍കോട്: ഇപ്പോള്‍ ഇറങ്ങുന്ന പത്രങ്ങള്‍ തൊട്ടാല്‍ അഴുക്കാണെന്ന് പ്രമുഖ സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ല അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രശസ്ത പത്രപ്രവര്ത്തകന് കെ.എം. അഹ്മദിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണവും, പത്രപ്രവര്‍ത്തക അവാര്‍ഡ്ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]() |
കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ കെ.എം. അഹ്മദ് സാമാരക മാധ്യമ പ്രവര്‍ത്തക അവാര്‍ഡ്
ടി.എന്‍. ഗോപകുമാറിന് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല നല്കുന്നു.
|
പത്രമെടുത്താല്‍ പീഡന വാര്‍ത്തകളാണ് കൂടുതല്‍. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. സദാചാര പോലീസും ഒറിജിനലല്ലാത്ത പോലീസും നാട്ടില്‍ വിലസുന്നു. ധാര്‍മികമായ അധപതനമാണ് പത്രങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ശക്തിയാണ് ഉണ്ടാക്കുന്നത്. അത് ശരിയായ ആവശ്യത്തിന് ഉപയോഗിക്കണം. കെ.എം. അഹ്മദ് നല്ല വാര്‍ത്തകള്‍ നല്കി സമൂഹത്തെയും ജനത്തെയും പ്രബുദ്ധരാക്കിയ വ്യക്തിത്വമാണെന്നും പുനത്തില്‍ ഓര്‍മിപ്പിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവം മാറികൊണ്ടിരിക്കുകയാണെന്ന് കെ.എം. അഹ്മദ് മാധ്യമ പുരസ്കാരം ഏറ്റുവാങ്ങിയ ഏഷ്യാനെറ്റിലെ 'കണ്ണാടി' അവതാരകന് ടി.എന്‍. ഗോപകുമാര്‍ പറഞ്ഞു.
അച്ചടി മാധ്യമങ്ങളുടെ ആയുസ് കൂടിയാല്‍ 25 വര്‍ഷം മാത്രമായിരിക്കും. ചാനലുകളും ഇന്റര്‍നെറ്റ് വാര്‍ത്താ പോര്ട്ടലുകളുമായിരിക്കും മാധ്യമ രംഗത്ത് ഉണ്ടാവുക. ഇതിന് പരിഹാരം വരും തലമുറയെ പത്ര മേഖലയിലേക്ക് പ്രാപ്തരാക്കുക എന്നതുമാത്രമാണ്. കെ.എം. അഹ്മദിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയ ആളാണെന്നും ഗോപകുമാര്‍ പറഞ്ഞു.
പ്രസ്ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. മനോഹരന് മോറായി, പി.പി. ശശീന്ദ്രന് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, സി.ടി. അഹ്മദലി, കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ഇന്ഫെര്മേഷന് ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്, പി.വി. കൃഷ്ണന്, റഹ്മാന് തായലങ്ങാടി, പ്രൊഫ. കെ.പി. ജയരാജന്, മുജീബ് അഹ്മദ്, ഇബ്രാഹീം ബേവിഞ്ച, വി.എന്‍. അന്‍സല്‍, അബ്ദുര്‍ റഹ്മാന് ആലൂര് എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന് പുഷ്പഗിരി സ്വാഗതം പറഞ്ഞു.
Keywords : Kasaragod, Press Club, K.M.Ahmed, Award, Inauguration, Punathil Kunjabdulla, T.N. Gopakumar, Municipal Conference Hall, News Papers, Pictures, Ladies, Ink, Rape News, Police, Asianet, Kannadi, Internet News Portal, Mohammed Hashim, Kerala, Malayalam News.