Resettlement | ചെങ്ങറയിൽ നിന്നും പെരിയ വില്ലേജിൽ പുനരധിവസിപ്പിച്ചവർക്ക് പ്ലോട്ട് തിരിച്ചു കൊടുക്കുന്നതിന് ഡിജിറ്റൽ സർവ്വേ നടത്തി നടപടി സ്വീകരിക്കും
ഡിജിറ്റൽ സർവ്വേ നടത്തുന്ന പെരിയ വില്ലേജിൽ ആദ്യ പരിഗണന നൽകി ഈ പ്രദേശത്ത് സർവ്വേ നടത്തും. കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി അളന്ന് പ്ലോട്ട് തിരിക്കും.
കാസർകോട്: (KasargodVartha) ചെങ്ങറയിൽ നിന്നും പെരിയ വില്ലേജിൽ പുനരധിവസിപ്പിച്ചവർക്ക് പട്ടയം കിട്ടിയ കൃഷിഭൂമി അളന്ന് പ്ലോട്ട് തിരിച്ചു കൊടുക്കുന്നതിന് ഡിജിറ്റൽ സർവ്വേ നടത്തി നടപടി സ്വീകരിക്കും. ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ പുനരധിവാസ മേഖലയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സബ കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്മാരായ രമേശൻ പൊയിനാച്ചി, ബാലകൃഷ്ണൻ, പെരിയ വില്ലേജ് ഓഫീസർ എന്നിവരും ജില്ലാ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
ഡിജിറ്റൽ സർവ്വേ നടത്തുന്ന പെരിയ വില്ലേജിൽ ആദ്യ പരിഗണന നൽകി ഈ പ്രദേശത്ത് സർവ്വേ നടത്തും. കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി അളന്ന് പ്ലോട്ട് തിരിക്കും. 86 പേർക്ക് പട്ടയം അനുവദിച്ചതിൽ നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് മുൻഗണന നൽകും. എട്ട് സെൻ്റു വീതം വീട് നിർമിക്കാൻ അളന്ന് നൽകിയിരുന്നു. 166 ഏക്കർ ഭൂമിയാണ് പുനരധിവാസത്തിന് കണ്ടെത്തിയത്.
ഇതിൽ പാറപ്രദേശം കൃഷിയോഗ്യമാക്കുന്നതിന് ഗവൺമെൻ്റിൻ്റെ പ്രത്യേക അനുമതി വാങ്ങുന്നതിന് ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചതിന് ശേഷം നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.