city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ആശുപത്രിക്ക് ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് നല്‍കിയ ഡയാലിസിസ് മെഷീനുകള്‍ തുരുമ്പിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2016) ഒരു വഷം മുമ്പ് ജില്ലാ ആശുപത്രിക്ക് ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് നല്‍കിയ ഡയാലിസിസ് മെഷീനുകള്‍ തുരുമ്പ് പിടിച്ചുകിടക്കുന്നു. കഴിഞ്ഞ വര്‍ഷം റോട്ടറി ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ട് ഡോ. എം രാമചന്ദ്രന്‍ മുന്‍കൈയെടുത്ത് റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3131 (പൂനെ) ന്റെ അന്നത്തെ ഗവര്‍ണ്ണറായിരുന്ന വിവേക് അറാന കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കൈമാറിയ രണ്ട് ഡയാലിസിസ് മെഷീനുകളാണ് ജില്ലാ ആശുപത്രി വരാന്തയില്‍ തുരുമ്പു പിടിച്ച് കിടക്കുന്നത്.

കാഞ്ഞങ്ങാട് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ അദ്ധ്യക്ഷ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറിയത്. എട്ടുമാസം പിന്നിട്ടിട്ടും ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്നോ, ജില്ലാ ഭരണാധികാരികളുടെ ഭാഗത്തുനിന്നോ കാഞ്ഞങ്ങാട് നഗരസഭാ അധികാരികളുടെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആറുമാസത്തിനുള്ളില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഡി എം ഒ, മെഡിക്കല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചെങ്കിലും യാതൊരുവിധ നടപടിക്രമവും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആറ് മാസത്തിനുള്ളില്‍ ഈ രണ്ട് മെഷീനുകള്‍ പ്രയോജനപ്പെടുത്തിയെങ്കില്‍ മറ്റൊരു ഡയാലിസിസ് മെഷീനുകൂടി ജില്ലാ ആശുപത്രിക്ക് നല്‍കാമെന്ന് വിവേക് അറാന ഉറപ്പ് നല്‍കിയിരുന്നു.

2015 ആഗസ്റ്റ് ഒമ്പതിന് ചേര്‍ന്ന കാഞ്ഞങ്ങാട് നഗരസഭാ യോഗത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനെപ്പറ്റി ഇപപ്പോള്‍ ഒരു വിവരവുമില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2013ല്‍ കാരുണ്യപദ്ധതിയിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് ഡയാലിസിസ് യൂണിറ്റിനാവശ്യമായ കെട്ടിടം നിര്‍മ്മിച്ചത്. ആരോഗ്യമന്ത്രി ഡയാലിസിസ് മെഷീനുകള്‍ ഇല്ലാതെ തന്നെ ഒന്നരവര്‍ഷം മുമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്തു. 2015 ജൂലായ് 24ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയാലിസിസ് കൗച്ച്, ആര്‍ ഒ പ്ലാന്റ്, ഡയലൈസര്‍, വൈദ്യുതീകരണം, പ്ലംമ്പിഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2015 ജൂണില്‍ പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രനെ റോസറി ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആദരിച്ചിരുന്നു. പ്രസ്തുത ചടങ്ങില്‍ വെച്ചാണ് റോട്ടറി ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രസിഡണ്ടുമായ ഡോ. എം രാമചന്ദ്രന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരെപ്പറി സംസാരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു ആശ്വാസമെന്ന നിലയില്‍ ഒരു ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്യണമെന്നാണ് രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചത്. പ്രസ്തുത അഭ്യര്‍ത്ഥന മാനിക്കുന്നുവെന്നും ഒന്നല്ല രണ്ടു ഡയാലിസിസ് മെഷീനുകള്‍ നല്‍കാമെന്നുമാണ് പ്രസ്തുത ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റോസറി ഗ്രൂപ്പ് ചെയര്‍മാന്‍ വിവേക് അറാന വേദിയില്‍ വെച്ച് ഉറപ്പ് നല്‍കിയത്.

ഒരു മാസത്തിനുള്ളില്‍ തന്നെ രണ്ട് ഡയാലിസിസ് മെഷീനുമായി കാഞ്ഞങ്ങാടെത്തി അദ്ദേഹം വാക്കു പാലിച്ചു. മൂന്നാമത്തെ മെഷീന്‍ എപ്പോഴാണ് എത്തിക്കേണ്ടതെന്ന് രാമചന്ദ്രനോട് ചോദിച്ചിരിക്കുകയാണ് പൂനയില്‍ നിന്നുള്ള മനുഷ്യസ്‌നേഹി വിവേക് അറാന. എന്നാല്‍ ഇത്രയും ചെലവിട്ട് ഒരാള്‍ കാസര്‍കോട്ടേക്ക് കനിഞ്ഞു നല്‍കിയ മെഷീനുകള്‍ ഉപയോഗ ശൂന്യമായി തുരുമ്പെടുത്തു നശിക്കുകയാണിവിടെ.
ജില്ലാ ആശുപത്രിക്ക് ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് നല്‍കിയ ഡയാലിസിസ് മെഷീനുകള്‍ തുരുമ്പിച്ച നിലയില്‍

Keywords:  District-Hospital, Kanhangad, Bekal, Dialysis-centre, Rotary-club, Bekal, kasaragod, Vivek Arana, Dr. M Ramachandran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia