ധർമ്മസ്ഥല കൊലപാതകങ്ങൾ: നിയമവ്യവസ്ഥ നോക്കുകുത്തി, സമഗ്ര അന്വേഷണം വേണമെന്ന് വിമൻ ഇന്ത്യ മൂവ്‌മെൻ്റ്
● കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യം.
● വിമൻ ഇന്ത്യ മൂവ്‌മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
● ഹൊസങ്കടിയിൽ നടന്ന പരിപാടി മഞ്ചുഷാ മാവിലാടം ഉദ്ഘാടനം ചെയ്തു.
● ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം: (KasargodVartha) കർണാടകയിലെ ധർമ്മസ്ഥലയിൽ മലയാളികളടക്കം നൂറുകണക്കിന് സ്ത്രീകൾ കൊലചെയ്യപ്പെട്ടുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തിൽ, സമഗ്രമായ അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് വിമൻ ഇന്ത്യ മൂവ്‌മെൻ്റ് സംസ്ഥാന ട്രഷറർ മഞ്ചുഷാ മാവിലാടം ആവശ്യപ്പെട്ടു.
ഏകദേശം 450-ലധികം മൃതദേഹങ്ങൾ ചിലരുടെ നിർദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും, ഇതിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടികളും യുവതികളുമുണ്ടെന്നുമുള്ള ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഈ ഭയാനകമായ സംഭവത്തിൽ ഭരണകൂടവും, മാധ്യമങ്ങളും, സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ തുടരുന്ന മൗനം കുറ്റകരമാണെന്ന് അവർ കുറ്റപ്പെടുത്തി.
നാടിനെ നടുക്കിയ ഈ കുറ്റകൃത്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം വെടിഞ്ഞ് ഇരകളാക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ധർമ്മസ്ഥല കൊലപാതകത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്‌മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി ഹൊസങ്കടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഞ്ചുഷാ മാവിലാടം.
വിമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് ഖമറുൽ ഹസീന അധ്യക്ഷത വഹിച്ച യോഗത്തിൽ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ബഡാജെ എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ ജില്ലാ ജനറൽ സെക്രട്ടറി റൈഹാനത്ത് അബ്ദുല്ല സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം ഫസീന ഷബീർ നന്ദിയും രേഖപ്പെടുത്തി.
ധർമ്മസ്ഥല സംഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Call for comprehensive probe into Dharmasthala incidents.
#Dharmasthala #Investigation #WomenIndiaMovement #JusticeForVictims #Karnataka #Protest






