മാലിക് ദീനാര്‍ ഉറൂസിന് ജനത്തിരക്ക്; തളങ്കര ഭക്തിയുടെ പ്രഭയില്‍
Jan 6, 2013, 23:55 IST
തളങ്കര: ഉറൂസ് നടന്നുവരുന്ന തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും പരിസരവും ഭക്തിയുടെ പ്രഭയില്‍. വെള്ളിയാഴ്ച ആരംഭിച്ച ഉറൂസിന് ദിവസം ചെല്ലുന്തോറും ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. പള്ളിയും പരിസരവും ദീപാലംകൃതമാണ്. കാസര്‍കോട് നഗരത്തില്‍ നിന്നുള്ള എല്ലാ വഴികളും ഉറൂസ് നഗരിയിലേക്ക് നീളുന്നു എന്ന പ്രതീതിയില്‍ വഴിയാകെ കമാനങ്ങള്‍ കൊണ്ടും ബോര്‍ഡുകള്‍ കൊണ്ടും ദീപ വിധാനങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്. രാവിനെ പകലാക്കുന്ന വിധത്തിലുള്ള വെളിച്ചവും മതപ്രസംഗം കേള്ക്കാനെത്തുന്നവര്ക്കുള്ള സൗകര്യങ്ങളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രാത്രി വൈകുവോളം നീളുന്ന മതപ്രസംഗം ശ്രവിക്കുവാനും മഖാം സിയാറത്തിനും എത്തുന്നവര്‍ക്ക് വിശ്രമിക്കാനും, ദാഹമകറ്റാനും ഉള്ള സജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദിന് അകവും പുറവും പ്രാര്‍ത്ഥനകളാല്‍ മുഖരിതമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശങ്ങളില്‍ നിന്നുമുള്ള ആളുകളും ഉറൂസ് നഗരിയിലേക്ക് ധാരാളമായി എത്തുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി ഇസ്ലാം പ്രബോധനവുമായി എത്തിയ സയ്യിദുനാ മാലിക് ദീനാര്‍(റ:അ) അവര്‍കളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉറൂസിന് ചരിത്രപരമായ പ്രാധാന്യം ഏറെയാണ്. 13 വരെ നീളുന്ന ഉറൂസില്‍ എല്ലാ ദിവസവും രാത്രി നടക്കുന്ന പ്രമുഖരുടെ മതപ്രഭാഷണത്തിന് പുറമെ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചരിത്ര സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ ചരിത്ര വിഭാഗം തലവന്‍ ഡോ. സി. ബാലന് ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളജ് മലയാള വിഭാഗം തലവന്‍ ഡോ. അസീസ് തരുവണ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് സിറാജുദ്ദീന് ദാരിമി കക്കാട് മതപ്രഭാഷണം നടത്തും.
Keywords : Kasaragod, Malik Deenar, Makham Uroos, Kerala, Thalangara, Lights, Boards, Road, Kasargodvartha, Malayalam News.